ആര്‍ട്ടിക്കിള്‍ 19 പ്രകാരം ഇന്ത്യയില്‍ എവിടെയും തൊഴിലെടുക്കുന്നതിനും താമസിക്കുന്നതിനും യാത്ര ചെയ്യുന്നതിനും ഏതൊരു ഇന്ത്യന്‍ പൗരനും അവകാശമുണ്ട്
ഇന്ത്യ എന്നത് വിവിധ സ്റ്റേറ്റുകളുടെ യൂണിയനാണ്. ഇന്ത്യയില്‍ ഏത് സംസ്ഥാനത്ത് പോയാലും കേരളീയനെ കാണാം.ഒരു പക്ഷേ ആ സംസ്ഥാനത്തെ സധാരണക്കാരനെക്കാള്‍ കൂടുതല്‍ സുഖകരമായി ജിവിക്കുന്ന കേരളീയനെ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മാത്രമല്ല ലോകത്തിന്‍റെ ഏത് രാജ്യത്ത് പോയാലും നമ്മില്‍പെട്ട മലയാളികളെ കാണാം. അവരും ഒരു പരിധിവരെ തദ്ദേശിയരായ സാധാരണക്കാരേക്കാള്‍ സസുഖം വിദേശത്ത് ജീവിക്കുന്നു.
മേല്‍പറഞ്ഞ കേരളത്തിന് പുറത്ത് രണ്ടിടങ്ങളിലുമുള്ള കേരളീയരില്‍ നമ്മുടെ സ്വ കുടുംബക്കാരനോ ബന്ധുവോ ഉണ്ടാവും. അവരോട് തദേശ വാസികള്‍ സൗഹൃദപരമായി പെരുമാറണമെന്നും ന്യായമായ വേതനം അവര്‍ക്ക് നല്‍കണമെന്നും നാം ആഗ്രഹിക്കുന്നു. സസൂക്ഷ്മം നാം അവരെയും അവരുടെ ജീവിത സാഹചര്യങ്ങളെയും നീരീക്ഷിച്ചുകൊണ്ടിരിക്കന്നു. അവര്‍ക്ക് എതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നു.
തിരിച്ച് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തി തങ്ങളുടെ കുടുംബങ്ങളുടെ ഉപജീവനത്തിന് വേണ്ടി പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളോട് കേരളീയന്‍റെ മനോഭാവം വളരെ ദുഷിച്ചതാണ്. പലപ്പോഴും അവരെ മനുഷ്യനായി കാണുവന്‍ പോലും കഴിയുന്നില്ല. അവര്‍ക്ക് താമസിക്കാന്‍ നല്‍കുന്ന ഇടം മാത്രം ശ്രദ്ധിച്ചാല്‍ മതി ഇത് വെളിവാകാന്‍. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നും ഇവിടെ വര്‍ഷങ്ങളായ സേവനം ചെയ്യുന്ന തമിഴ് സഹോദരങ്ങളെ നാം ഇപ്പോഴും പാണ്ടികള്‍ എന്ന പരിഹാസപേരിലാണ് നാം ഇപ്പോഴും നാം അടയാളപ്പെടുത്തുന്നത്.
പെരുബാവൂരില്‍ 1990 കാലഘട്ടങ്ങളില്‍ ഉയര്‍ന്നുവന്ന പ്ലൈവുഡ് വ്യവസായവുമായി ബന്ധപ്പെട്ടാണ് വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഈ തൊഴിലാളികളുടെ സംഘടിത കുടിയേറ്റം ഉണ്ടായത്. ഇന്ന് കേരളത്തിന്‍റെ നിര്‍മ്മാണ മേഖലയുടെ ശക്തമായ പിന്‍ബലം അഥിതി തൊഴിലാളികളുടെ സാന്നിധ്യമാണ്. വൈറ്റ് കോളര്‍ ജോലി മാത്രം ചെയ്യുവാന്‍ ഇഷ്ടപ്പെടുന്ന മലയാളിയുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ ശരീരിക അധ്വാന ജോലികള്‍ക്കും ഇവര്‍ വേണം. കേരളത്തിന്‍റെ സമസ്ഥ മേഖലകളുടെയും വികസനത്തിന് അവരുടെ സേവനം അത്യന്താപേക്ഷിതമാണ്. അവരോട് മനുഷ്യത്വപരമായി ഇടപ്പെടുവാനും അവരെയും കേരളീയ പൊതുസമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുവാനും ഒരു മലയാളിക്കും ബാധ്യതയുണ്ട്. ഇതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. പദ്ധതിയുടെ വിജയകരമായ പൂര്‍ത്തീകരണം നമ്മുടെ ബാധ്യതയാണ് എന്ന് ബോധ്യം ഓരോ മലയാളിക്കും ഉണ്ടാവേണ്ടതുണ്ട്.