സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ് നൽകാൻ സ്വകാര്യ മേഖലയിലും വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്ന പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീംന്റെ ഭാഗമായി നിർമിച്ച സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്കിന് തുടക്കമായി. വാളയാർ പുതുശേരി പഞ്ചായത്തിലെ കനാൽപിരിവിൽ ഫെദർ ലൈക്ക് ഫോം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ EPE ഫോം ഷീറ്റ് ‘ഫെദർ ലൈക് ഫോം’ നിർമാണ യൂണിറ്റാണ് പ്രവർത്തനം ആരംഭിച്ചത്. 15 ഏക്കറിൽ ഫോം മാനുഫാക്ചറിങ് യൂണിറ്റും മറ്റു 4 യൂണിറ്റുകളുമാണു പ്രവർത്തനം തുടങ്ങിയത്. പദ്ധതി 3 വർഷത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ ₹ 100 കോടിയിലധികം വിറ്റുവരവുള്ള വ്യവസായ പാർക്കായി മാറും.

കേരളത്തിലെ നൂറിലധികം മാട്രസ് യൂണിറ്റുകളും പാക്കേജിംഗ്, ഫർണിഷിംഗ്‌ യൂണിറ്റുകളും ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ഈ പാർക്കിൽ നിർമിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. പുതുതായി ആരംഭിക്കുന്ന ലോ ഫോം, നോൺ വീവൺ ഫാബ്രിക് എന്നീ ഉത്പന്നങ്ങൾ കയറ്റുമതി സാധ്യതയുള്ളതാണ്.വ്യാവസായിക ആവശ്യങ്ങൾക്ക് സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി പരിമിതമായതിനാലാണ് സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകിയത്. നികുതി വരുമാനത്തിനൊപ്പം കൂടുതൽ തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കാനാകും. പാർക്കിലേക്കുള്ള റോഡുകൾ, വൈദ്യുതി, ജലവിതരണം എന്നിവ വികസിപ്പിക്കുന്നതിനു സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡവലപ്പർക്കു സർക്കാർ സഹായം നൽകും.  സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, ട്രസ്റ്റുകൾ, പാർട്നർഷിപ് സ്ഥാപനങ്ങൾ, എംഎസ്എംഇ സ്‌കീമിലുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്കാണു പാർക്കുകൾ തുടങ്ങാൻ അവസരം. ഇത്തരം ഭൂമി വ്യാവസായിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാനാകൂ.

ഭൂമി നിലമോ തോട്ടമോ തണ്ണീർത്തടമോ ആകരുത്. ഏകജാലക സംവിധാനത്തിലൂടെ വിവിധ വകുപ്പുകൾ സഹായം നൽകും. നേരത്തെ പൊതുമേഖലയിൽ മാത്രമായിരുന്നു വ്യവസായ എസ്റ്റേറ്റുകൾക്ക് അനുമതി. സ്വകാര്യ മേഖലയിലേക്കു കൂടി വരുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. സംരംഭകർക്കു മാർഗനിർദേശങ്ങളും സഹായങ്ങളും നൽകാൻ വ്യവസായ വകുപ്പിൽ പ്രത്യേക വിഭാഗവും സജ്ജമാണ്.