കൊച്ചി: മൂന്നുവർഷത്തെ പരിശ്രമം. ഒരുക്കത്തിനായി വിവിധ സംഘടനകളുടെ സഹായത്തോടെ 48 പരിപാടികൾ. ഇതിന്റെയെല്ലാം ഫലമാണ് ഇൻവെസ്‌റ്റ് കേരള ആഗോള നിക്ഷേപകസംഗമത്തിന്റെ വൻ വിജയം. യുഡിഎഫ് ഭരണസമയത്ത് 2003ൽ സംഘടിപ്പിച്ച ഗ്ലോബൽ ഇൻവെസ്‌റ്റേഴ്‌സ് മീറ്റ് (ജിം), 2012ൽ സംഘടിപ്പിച്ച എമർജിങ് കേരള എന്നീ നിക്ഷേപക പരിപാടികളുടെ തുടർപ്രവർത്തനങ്ങളും പരിശോധനകളുമില്ലാതെ പരാജയപ്പെട്ടപ്പോൾ ഇൻവെസ്റ്റ് കേരള വ്യത്യസ്‌തമാകുന്നതിന്റെ കാരണവും കൃത്യമായ ആസൂത്രണവും കഠിനാധ്വാനവും ഏകോപനവുമാണ്. യുഡിഎഫ് കാലത്തുനിന്ന് വ്യത്യസ്‌തമായി സംഗമത്തിനുശേഷം സ്വീകരിക്കേണ്ട നടപടികൾ ഇത്തവണ മുൻകൂട്ടി തീരുമാനിച്ചു. പദ്ധതികളുടെ അനുമതി വേഗത്തിൽ ലഭ്യമാക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സെക്രട്ടറിതല സമിതിയുണ്ടാക്കാൻ സംഗമത്തിനുമുമ്പുതന്നെ മന്ത്രിസഭായോഗം തീരുമാനിച്ചു.
1.529 ലക്ഷം കോടി രൂപയുടെ താൽപ്പര്യപത്രമാണ് ലഭിച്ചത്. സംഗമം സമാപിച്ചശേഷവും കോടികളുടെ പദ്ധതികളുമായി പുതിയ താൽപ്പര്യപത്രങ്ങൾ വരുന്നു. സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടുദിവസവും പങ്കെടുത്തു. ഉദ്‌ഘാടനച്ചടങ്ങിനുപുറമെ നാല് വിപുലമായ ഗ്രൂപ്പ് മീറ്റിങ്ങുകളിലും അദ്ദേഹം പങ്കാളിയായി. മുന്നൂറോളം നിക്ഷേപകരുമായി കൂടിക്കാഴ്‌ച നടത്തി. നാലു റൗണ്ട് ടേബിളുകളിൽ ജിസിസി, ഐടി റൗണ്ട് ടേബിളുകളിലും പങ്കെടുത്തു. ചില പ്രധാനപ്പെട്ട താൽപ്പര്യപത്രങ്ങൾ നിക്ഷേപകർ മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി.
വ്യവസായമന്ത്രി പി രാജീവ് മുഴുവൻസമയം പങ്കെടുത്ത് സംഗമത്തിന് നേതൃത്വം നൽകി. മറ്റു മന്ത്രിമാരുടെയും ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉന്നതോദ്യോഗസ്ഥരുടെയും ഉടനീളമുള്ള സാന്നിധ്യം നിക്ഷേപകർക്ക് ഏറെ ആത്മവിശ്വാസം പകർന്നു. പ്രതിപക്ഷവും കേന്ദ്രമന്ത്രിമാരും മറ്റു രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളും സംഘാടനത്തെ വാഴ്‌ത്തി. സംഗമത്തോട് പ്രതിപക്ഷം ആദ്യം മുഖംതിരിച്ചുനിന്നെങ്കിലും പൊതുസ്വീകാര്യത കണ്ട് ഒടുവിൽ ഒപ്പംചേർന്നു. ഇത്തരമൊരു മികച്ച ആഗോള നിക്ഷേപകസംഗമത്തിൽ ആദ്യമായാണ് പങ്കെടുക്കുന്നതെന്ന ഭാരത് ബയോടെക് ചെയർമാൻ കൃഷ്‌ണ എല്ല പറഞ്ഞത് സംഗമത്തിന്റെ വിജയത്തെ സാക്ഷ്യപ്പെടുത്തുന്നു.