വ്യവസായ സ്ഥാപന കെട്ടിടങ്ങൾക്ക് അനുമതി നൽകുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അമിതാധികാരം എടുത്തുകളയണമെന്നു വ്യവസായ മേഖലയിലെ നിയമപരിഷ്കരണത്തിനു സർക്കാർ ചുമതലപ്പെടുത്തിയ വിദഗ്ധ സമിതിയുടെ ശുപാർശ.  സേവനാവകാശ നിയമം പൊളിച്ചെഴുതണമെന്നും കൃത്യസമയത്ത് അനുമതിയോ, സർട്ടിഫിക്കറ്റോ നൽകിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും സമിതി ശുപാർശ ചെയ്യുന്നു.

ചീഫ് എൻജിനീയറുടെയും ടൗൺ പ്ലാനറുടെയും അധികാരം കുറയും
സമയത്ത് അനുമതി നൽകിയില്ലെങ്കിൽ, ലഭിച്ചതായി കണക്കാക്കാമെന്ന വ്യവസ്ഥയ്ക്കു പകരം, തത്വത്തിൽ അനുമതി നൽകിക്കൊണ്ടുള്ള സർട്ടിഫിക്കറ്റ് നൽകണം. സേവനങ്ങൾ ലഭിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ സംവിധാനം വേണം. പഞ്ചാബ് മാതൃകയിൽ വ്യവസായ അവകാശ നിയമം (റൈറ്റ് ടു ബിസിനസ് ആക്ട്) നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കണം. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും മറ്റും അനാവശ്യമായ നടപടിക്രമങ്ങളിൽനിന്ന് ഐടി മേഖലയെ ഒഴിവാക്കണം.

നുവാൽസ് വൈസ് ചാൻസലർ ഡോ.കെ.സി.സണ്ണി, നിയമപരിഷ്കരണ കമ്മിഷൻ വൈസ് ചെയർമാൻ കെ.ശശിധരൻനായർ എന്നിവർ അംഗങ്ങളും മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി.നന്ദകുമാർ പ്രത്യേക ക്ഷണിതാവുമായ സമിതിയാണു റിപ്പോർട്ട് തയാറാക്കിയത്. അടുത്ത ദിവസം മന്ത്രി പി.രാജീവിനു കൈമാറും. തൊഴിലാളി ക്ഷേമനിധി നിയമങ്ങൾ ഭേദഗതി ചെയ്യണം. ഈ നിയമവുമായി ബന്ധപ്പെട്ടു കമ്പനികൾക്കെതിരെ ക്രിമിനൽ നടപടിയെടുക്കുന്നത് അവസാനിപ്പിക്കണം.

അനാവശ്യമായി കോടതിയിലേക്കു വലിച്ചിഴയ്ക്കാതെ പിഴ ചുമത്തുകയാണു വേണ്ടത്. ഓരോ വർഷവും വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കേണ്ടിവരുന്നതു ഉദ്യോഗസ്ഥ മേധാവിത്വത്തിനും അഴിമതിക്കും കാരണമാകുന്നുണ്ടെന്നു റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഒഡീഷയെയും മഹാരാഷ്ട്രയെയും ഇക്കാര്യത്തിൽ മാതൃകയാക്കി ദീർഘനാളത്തേക്കു ലൈസൻസ് നൽകണം.

വ്യവസായം തുടങ്ങാനുള്ള അപേക്ഷയുടെ സ്ഥിതി ഓരോ ജില്ലയിലും കലക്ടർക്കു നിരീക്ഷിക്കാനാകണം. അപേക്ഷകളും അനുമതിയും റജിസ്റ്ററുകളും പൂർണമായി ഡിജിറ്റൈസ് ചെയ്യണം. 29 തൊഴിൽ നിയമങ്ങൾ സംയോജിപ്പിച്ചാണു കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം ലേബർ കോഡ് പാസാക്കിയത്. ഈ നിയമം വരുമ്പോൾ കാലഹരണപ്പെട്ട ഒട്ടേറെ ചട്ടങ്ങൾ അപ്രസക്തമാകും. എന്നാൽ കേന്ദ്രമോ, സംസ്ഥാനങ്ങളോ ലേബർ കോഡിനു ചട്ടമുണ്ടാക്കിയിട്ടില്ല.

ജീവനക്കാർക്കുവേണ്ടി ഫാക്ടറിയിൽ കോളാമ്പി വേണം, കുമ്മായത്തിന്റെ കണക്ക് സൂക്ഷിക്കാൻ പ്രത്യേക റജിസ്റ്റർ വേണം തുടങ്ങിയ ഒട്ടേറെ കാലഹരണപ്പെട്ട ചട്ടങ്ങൾ നിലവിലുണ്ട്. പുതിയ ലേബർ കോഡിനു ചട്ടമുണ്ടാക്കുമ്പോൾ ഇവയെല്ലാം ഒഴിവാക്കണമെന്നു സമിതി ശുപാർശ ചെയ്യുന്നു. 40 സർക്കാർ വകുപ്പുകളുമായി ചർച്ച ചെയ്തും വ്യവസായ–തൊഴിൽ നിയമങ്ങൾ അപഗ്രഥിച്ചും മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി പഠിച്ചും അഞ്ചുമാസംകൊണ്ടാണു റിപ്പോർട്ട് തയാറാക്കിയത്.

മറ്റു പ്രധാന ശുപാർശകൾ:

∙ നിയമങ്ങളും ചട്ടങ്ങളും ഉദ്യോഗസ്ഥർ തോന്നുംപടി ദുർവ്യാഖ്യാനം ചെയ്യുന്നതു തടയാൻ വ്യവസായ മേഖലയിൽ പൊതു നിഘണ്ടു വേണം

∙ ഒരാവശ്യത്തിനു മാത്രമായി കൈവശാവകാശ സർട്ടിഫിക്കറ്റും മറ്റും നൽകാതെ ഇവ ഒറ്റത്തവണയാക്കണം.

∙ നടപടിക്രമങ്ങൾ ലഘൂകരിക്കണം. അപേക്ഷാ ഫോമുകളിൽ അവശ്യവിവരങ്ങൾ മാത്രം ഉൾപ്പെടുത്തണം

∙ പരിശോധന നടത്തേണ്ട ഏജൻസികൾക്ക് ആവശ്യമായ ജീവനക്കാരും ഉപകരണങ്ങളുമുണ്ടാകണം

∙ ചട്ടങ്ങൾ എഴുതുന്ന വകുപ്പുകൾ അവർക്ക് അമിതാധികാരം ലഭിക്കാൻ വകുപ്പുകൾ ഉൾപ്പെടുത്തുന്നതു തടയണം

∙ അപേക്ഷകൾക്ക് ഓൺലൈൻ ക്യൂ സംവിധാനം വേണം

∙ ചെറിയ കമ്പനികൾ പോലും പതിനഞ്ചിലേറെ റജിസ്റ്ററുകൾ സൂക്ഷിക്കേണ്ടിവരുന്നു; പകരം മാർഗം കണ്ടെത്തണം. തുടങ്ങിയ നിര്ദേശങ്ങളാണ് സമിതി ശുപാര്ശ ചെയ്തിരിക്കുന്നത്.