സംസ്ഥാന സർക്കാർ 2022 സംരംഭക വർഷമായെടുത്ത് ഒരുലക്ഷം സംരംഭങ്ങൾ തുടങ്ങാൻ തീരുമാനിച്ചതായി വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. കിഴക്കമ്പലം ഖാദി ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഖാദി ബ്രൈറ്റ് ഡിറ്റർജന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വ്യവസായങ്ങളിൽ പ്രധാന സംരംഭകരാകാൻ ഖാദിബോർഡിന് കഴിയുമെന്ന് മന്ത്രി പറഞ്ഞു.

ഖാദിബോർഡുവഴി ഈ വർഷം 20,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. വിവിധ ഉൽപ്പന്നങ്ങൾ നിർമിച്ച് വിപണിയിൽ കരുത്തരാകാനുള്ള മുന്നേറ്റമാണ് ഖാദിബോർഡ് നടത്തുന്നതെന്നും രാജീവ്‌ വ്യക്തമാക്കി.

 

ചടങ്ങിൽ പി വി ശ്രീനിജിൻ എംഎൽഎ അധ്യക്ഷനായി. ഖാദിബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. സ്ഥലസൗകര്യവും കെട്ടിടസൗകര്യവും പരമാവധി പ്രയോജനപ്പെ‌ടുത്തി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് ബോർഡ് ശ്രമിക്കുന്നതെന്ന് പി ജയരാജൻ പറഞ്ഞു. റെഡിമെയ്ഡ് ഗാർമെന്റ്സ് യൂണിറ്റുകളടക്കം തുടങ്ങി വികസനമുന്നേറ്റംകുറിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അൻവർ അലി, ഖാദി വ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ എ രതീഷ്, ഖാദി തൊഴിലാളി ബോർഡ് ചെയർപേഴ്സൺ സോണി കോമത്ത്, ബോർഡ്‌ അംഗം ടി വി ബേബി, കെ കെ ചാന്ദ്നി, എം സുരേഷ്ബാബു, കെ വി ഗിരീഷ് കുമാർ, പി സുരേശൻ, പി എ അഷിത, അസ്മ അലിയാർ, സജ്ന നസീർ എന്നിവർ സംസാരിച്ചു. ഖാദി തൊഴിലാളികൾക്കുള്ള വസ്ത്രങ്ങളും മുൻ പ്രോജക്‌റ്റ്‌ ഓഫീസർക്കുള്ള ഉപഹാരവിതരണവും പി ജയരാജൻ നിർവഹിച്ചു.