തൃശൂർ: ഒരു കോടി രൂപയുടെ സമ്മാനങ്ങളുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയൊരുക്കുന്ന വ്യാപാരോത്സവ് 2023 ന്റെ ആദ്യത്തെ വീക്ക്‌ലി നറുക്കെടുപ്പ് നടന്നു. ജില്ലാ വ്യാപാരഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ് വിജയികളെ തിരഞ്ഞെടുത്തു. 3 എല്‍ഇഡി ടിവികളും, 3 ഗോള്‍ഡ് കോയിനുകളും 25 മിക്‌സര്‍ ഗ്രൈന്ററുകളും 25 ഇന്‍ഡക്ഷന്‍ കുക്ക്‌ടോപ്പുകളും 29 പ്രഷര്‍ കുക്കറുകളും, 65 ഫ്രൈ പാനുകളും 50 വിന്റര്‍ഫീല്‍ ഗിഫ്റ്റ് വൗച്ചറുകളും അടക്കം 200 ഓളം സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി എന്‍. ആര്‍. വിനോദ് കുമാര്‍, ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന്‍, വൈസ് പ്രസിഡന്റുമാരായ ജോര്‍ജ്ജ് ജെ മണ്ണുമ്മല്‍, പി പവിത്രന്‍, പി നാരായണന്‍കുട്ടി, കെ.എ അസി, ജില്ലാ സെക്രട്ടറിമാരായ ലൂക്കോസ് തലക്കോട്ടൂര്‍, വി.ടി. ജോര്‍ജ്ജ്, ജോഷി മാത്യു തേറാട്ടില്‍ തുടങ്ങിയവരും മറ്റ് വ്യാപാരികളും ചടങ്ങില്‍ പങ്കെടുത്തു.

തൃശ്ശൂര്‍ ജില്ലയിലെ 45,000 ത്തോളം വരുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി അംഗസ്ഥാപനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന ബൃഹത്തായ പദ്ധതിയാണ് വ്യാപാരോത്സവ് 2023. തൃശ്ശൂര്‍ ജില്ലയിലെ അംഗ സ്ഥാപനങ്ങളില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്നവര്‍ക്ക് സൗജന്യ സമ്മാനക്കൂപ്പണിലൂടെ ഒരു കോടിരൂപയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് വ്യാപാരോത്സവത്തിലൂടെ ഒരുക്കിയിരിക്കുന്നത്. ബമ്പര്‍ സമ്മാനമായി ഇന്നോവ കാറും രണ്ടാം സമ്മാനമായി 5 ടാറ്റ പഞ്ച് കാറുകളും മൂന്നാം സമ്മാനമായി 13 ടിവിഎസ് ജുപ്പീറ്റര്‍ സ്‌കൂട്ടറുകളുമാണ് സമ്മാനമായി ലഭിക്കുക. ഇതിന് പുറമേയാണ് ഓരോ ആഴ്ച്ചയിലും നറുക്കെടുപ്പിലൂടെ 200 ലധികം സമ്മാനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. വ്യാപാരോത്സവത്തോടനുബന്ധിച്ച് വിവിധങ്ങളായ കലാപരിപാടികളും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. വ്യാപാരോത്സവ് മെഗാ നറുക്കെടുപ്പും മെഗാ ഇവന്റും ഡിസംബര്‍ 31 ന് വൈകീട്ട് തൃശ്ശൂരില്‍ വെച്ച് നടക്കും.