ഉത്തരകേരളത്തിന്റെ വ്യാവസായിക വികസന കുതിപ്പ് കിന്‍ഫ്രയിലൂടെ സാധ്യമാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കിന്‍ഫ്ര വെള്ളിയാമ്പറയില്‍ നിര്‍മ്മിക്കുന്ന അഡ്മിനിസ്ട്രേഷന്‍ കം ഫെസിലിറ്റേഷന്‍ ബ്ലോക്കിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വ്യവസായ വികസനത്തിന് കൂടുതല്‍ സാധ്യകളുള്ള മേഖലയാണ് കണ്ണൂര്‍, കാസര്‍കോഡ് ജില്ലകള്‍. അഡ്മിനിസ്ട്രഷന്‍ ബ്ലോക്ക് ആരംഭിക്കുന്നതോടെ ഉത്തരകേരളത്തിലെ കിന്‍ഫ്രയുടെ പ്രവര്‍ത്തനങ്ങളുടെ പ്രധാനകേന്ദ്രമായി മട്ടന്നൂര്‍ മാറും. അദ്ദഹം പറഞ്ഞു.

വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കൂടുതല്‍ ഭൂമിയുള്ളത് ഉത്തരകേരളത്തിലാണ്്. കണ്ണൂര്‍ വിമാനത്തവളം, അഴീക്കലിലെ ചരക്ക് ഗതാഗതം, ജലപാത ഉള്‍പ്പെടെയുള്ള പാശ്ചാത്തലസൗകര്യ വികസനം വ്യവസായികളെ ആകര്‍ഷിക്കും. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും 3200ലധികം ചെറുകിട സംരംഭങ്ങള്‍ 100 ദിവസങ്ങള്‍ക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്തു. വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വ്യവസായികള്‍ക്കനുകൂലമായി നിയമനിര്‍മാണം നടത്തും.

പരമാവധി നിക്ഷേപം, പരമാവധി തൊഴില്‍ എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഭൂമി കുറവ്, ജനസാന്ദ്രത, പാരിസ്ഥിതിക പ്രശ്നങ്ങള്‍ തുടങ്ങിയ പരിമിതികളുണ്ടെങ്കിലും കേരളത്തിലെ സമാധാന അന്തരീക്ഷം, കാലാവാസ്ഥ, വൈദഗ്ധ്യമുള്ള ആളുകള്‍ എന്നിവ വ്യവസായികള്‍ക്ക് അനുകൂലമാണ്. ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായം എന്നതാണ് സര്‍ക്കാറിന്റെ മുദ്രാവാക്യമെന്നും മന്ത്രി പറഞ്ഞു. പച്ചക്കറി, സുഗന്ധവ്യഞ്ജനം, മത്സ്യം, കൃഷി, ഐടി ടൂറിസം, ഫാര്‍മസ്്യൂട്ടിക്കല്‍സ് തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ കുറഞ്ഞ വ്യവസായങ്ങള്‍ക്ക് സംസ്ഥാനം അനുകൂലമാണെന്നും മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു.

വെള്ളിയാമ്പറയിലെ 128.59 ഏക്കര്‍ സ്ഥലത്താണ് കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നത്. ഒന്നരക്കോടി രൂപ ചെലവിലാണ് പാര്‍ക്കിന്റെ അഡ്മിനിസ്ട്രേഷന്‍ കം ഫെസിലിറ്റേഷന്‍ ബ്ലോക്കിന്റെ നിര്‍മാണം. കോണ്‍ഫറന്‍സ് ഹാള്‍, ഗസ്റ്റ് റും, ഫുഡ് കോര്‍ട്ട് എന്നിവയും ഇവിടെ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. സ്റ്റാന്റേര്‍ഡ് ഡിസൈന്‍ ഫാക്ടറിക്കായി 12 കോടി രൂപയും ഫുഡ് കോര്‍ട്ടിനായി നാല് കോടി രൂപയും അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു.

കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ അധ്യക്ഷയായി. ഡോ. വി ശിവദാസന്‍ എം പി മുഖ്യാതിഥിയായി. മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ അനിതാ വേണു, വെസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ വി മിനി,  വൈസ് പ്രസിഡണ്ട് കെ അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ ഉഷ പാറക്കണ്ടി, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, ജനറല്‍ മാനേജര്‍ ഡോ. ടി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കിന്‍ഫ്ര പാര്‍ക്കില്‍ 110 കെ വി സബ്‌സ്റ്റേഷന്‍
കിന്‍ഫ്രാ പാര്‍ക്കിനോടനുബന്ധിച്ച് സ്ഥാപിക്കുന്ന 110 കെ വി സബ്‌സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വ്വഹിച്ചു. കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷയായി. 15 കോടി രൂപ ചെലവിലാണ് സബ്‌സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത്. ഇതിന് വേണ്ട ഭൂമി കിന്‍ഫ്ര സൗജന്യമായി നല്‍കിയിട്ടുണ്ട്. നിര്‍മ്മാണത്തിന്റെ പകുതി ചെലവ് കിന്‍ഫ്ര വഹിക്കും.