അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കാനും സേവന മേഖലയിൽ മികച്ച പദ്ധതികൾ ഒരുക്കാനുമാണ് സർക്കാറുകൾ എപ്പോഴും ശ്രദ്ധിക്കാറുള്ളത്. ഈ രണ്ട് മേഖലകളിലും പൂർണ്ണശ്രദ്ധ നൽകി ദീർഘ വീക്ഷണത്തോടെയുള്ള നയങ്ങളാണ് സർക്കാർ കഴിഞ്ഞ നാലര വർഷം സ്വീകരിച്ചത്. കേരളത്തിലെ റോഡ് വികസനം സമഗ്രമായി പൂർത്തിയാക്കാൻ സാധിച്ചു എന്നതാണ് സർക്കാരിന്റെ അഭിമാനാർഹമായ നേട്ടങ്ങളിൽ ഒന്ന്.

പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ചിട്ടയോടെയുള്ള പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ എല്ലാ റോഡുകളും നിലവാരം ഉയർത്തി സഞ്ചാരയോഗ്യമാക്കാൻ സാധിച്ചു. കഴിഞ്ഞ നാലര വർഷത്തിനിടയിൽ 11,580 കിലോമീറ്റർ റോഡുകളാണ് പൊതുമരാമത്ത് വകുപ്പ് ഉന്നത നിലവാരത്തിൽ പുനർനിർമ്മിച്ചത്. ഇതിലൂടെ 98 ശതമാനം റോഡുകളും ഗതാഗത യോഗ്യമാക്കി.

റോഡുകൾ മാത്രമല്ല പാലങ്ങളുടെ നിർമ്മാണ കാര്യത്തിലും പ്രത്യേക ശ്രദ്ധ സർക്കാരിനുണ്ടായിരുന്നു. കഴിഞ്ഞ നാലര വർഷത്തിനിടെ 2039 കോടി രൂപയുടെ 240 പാലങ്ങൾക്കാണ് സർക്കാർ ഭരണാനുമതി നൽകിയത്. ഇതിൽ 849 കോടിയുടെ 100 പാലങ്ങളുടെ നിർമ്മാണം പൂർത്തിയാവുകയും മറ്റുള്ളവ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. കേരളത്തിലെ 2,529 പാലങ്ങളുടെ സുരക്ഷാ പരിശോധന നടത്തി ആവശ്യമുള്ള ബലപ്പെടുത്തലുകൾ നടത്താനും പൊതുമരാമത്ത് വകുപ്പിനായി.

തുടരെയുണ്ടായ പ്രളയം തകർത്ത നമ്മുടെ റോഡുകളെ സമയബന്ധിതമായി പുനർനിർമ്മിച്ചത് പൊതുമരാമത്ത് വകുപ്പിന്റെ കാര്യശേഷിയുടെ തെളിവാണ്. 521 കിലോമീറ്റർ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്നത്. ഇതു കൂടാതെ ജനങ്ങൾക്കായി നമ്മുടെ സുപ്രധാന നഗരങ്ങളിൽ പ്രധാന ബൈപാസുകളാണ് സർക്കാർ പൂർത്തിയാക്കിയത്. കൊല്ലം ബൈപാസ്, ആലപ്പുഴ ബൈപ്പാസ്, വൈറ്റില കുണ്ടന്നൂർ മേൽപ്പാലങ്ങൾ, തൊണ്ടയാട്, രാമനാട്ടുകര മേൽപ്പാലങ്ങൾ തുടങ്ങി ബൈപാസുകളും മേൽപ്പാലങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള ദൃഢനിശ്ചയവും സർക്കാർ കാണിച്ചു. മലയോര ഹൈവേയും കെ.എസ്.ടി.പി റോഡും ഉൾപ്പെടെ കേരളത്തിലെ സുപ്രധാന നിരത്തുകളൊക്കെ മികച്ച നിലവാരത്തിലേക്ക് ഉയർത്താനും കൃത്യമായ പരിപാലനത്തിലൂടെ ജനങ്ങൾക്ക് സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവം ഒരുക്കാനും കഴിഞ്ഞ നാലരവർഷത്തെ പ്രവർത്തനങ്ങളിലൂടെ പൊതുമരാമത്ത് വകുപ്പിന് സാധിച്ചു.