കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കംകൂട്ടുന്ന കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി ചരിത്രപരമായ നാഴികക്കല്ലാവും. വ്യവസായ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്ന പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കൽ ഡിസംബറോടെ പൂർത്തിയാക്കി അടുത്തവർഷം ആദ്യം നിർമ്മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. പാലക്കാട്, എറണാകുളം ജില്ലകളിലായി പദ്ധതിക്കുവേണ്ടി കണ്ടെത്തിയ 2220 ഏക്കർ ഭൂമി ഏറ്റെടുത്ത് പദ്ധതി നടത്തിപ്പിനുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപറേഷന് ഉടനെ കൈമാറും. പാലക്കാട് മേഖലയിൽ 1720ഏക്കർ ഏറ്റെടുക്കും. കണ്ണമ്പ്രയിൽ 312, പുതുശ്ശേരി സെൻട്രലിൽ 600, പുതുശ്ശേരി ഈസ്റ്റിൽ 558, ‌ ഒഴലപ്പതിയിൽ 250 ഏക്കറും ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പാലക്കാട് ജില്ലാ കളക്ടർ മൃൺമയി ജോഷി വ്യക്തമാക്കി. പാലക്കാട് സ്ഥലം ഏറ്റെടുക്കുന്നതിനായി 346 കോടി രൂപ കിൻഫ്രയ്ക്ക് നേരത്തെ കൈമാറിയിരുന്നു. സ്ഥലം ഏറ്റെടുക്കുമ്പോൾ ഒഴലപ്പതിയിൽ 200 ഏക്കറോളം തെങ്ങിൻതോപ്പും വേലന്താവളത്ത് തക്കാളിക്കൃഷിയും പുതുശ്ശേരി ഭാഗങ്ങളിൽ നെൽപ്പാടവും ഇല്ലാതാക്കുമെന്ന ആശങ്ക കർഷകരും പങ്കുവെക്കുന്നുണ്ട്. 2017 ജൂലായിലാണ് കൊച്ചി – കോയമ്പത്തൂർ വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ കണ്ണമ്പ്ര വ്യവസായ പാർക്കിന് ഭൂമി ഏറ്റെടുക്കാനുള്ള നടപടി തുടങ്ങിയത്. വില നിർണയത്തിൽ ഉടമകളുമായി ധാരണയിലെത്താത്തതിനാൽ ഏറ്റെടുക്കൽ നീണ്ടുപോകുകയായിരുന്നു. 170 ഉടമകളിൽ നിന്ന് 320 ഏക്കർ ഭൂമി ഏറ്റെടുക്കാനായിരുന്നു കിൻഫ്രയുടെ നേതൃത്വത്തിൽ റവന്യൂ അധികൃതർ സർവേ നടത്തിയത്. വില കുറവായതിനാൽ ഉടമകൾ ഭൂമി വിട്ടുനൽകാൻ തയ്യാറായില്ല. തുടർന്ന് കളക്ടറുടെ നേതൃത്വത്തിലുള്ള വില നിർണയസമിതിയും ഉടമകളും ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ശേഷം അർഹമായ വില നൽകണമെന്ന് സാമൂഹികാഘാത പഠന കമ്മിറ്റി ശുപാർശചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്.ചെന്നൈ – ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിൽ നിന്ന് കൊച്ചിയിലേക്ക് ദീർഘിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹൈടെക്ക് ഇടനാഴി വികസനം. ജില്ലയുടെ വ്യവസായ വികസന കുതിപ്പിന് പ്രതീക്ഷയേകുന്ന പദ്ധതിയിലൂടെ ഭക്ഷ്യസംസ്‌കരണം, കാർഷിക വ്യവസായ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവുമെന്നാണ് പ്രതീക്ഷ. നെല്ല് സംഭരണ സംസ്‌കരണ പാർക്ക്, ഭക്ഷ്യ സംസ്‌കരണ പാർക്ക് എന്നി മേഖലകളിൽ നേട്ടമുണ്ടാകുമെന്നും വ്യാവസായ വകുപ്പ് അധികൃതരുടെ വിലയിരുത്തുന്നു. ഇതുകൂടാതെ പുതിയ കാൽവെപ്പിൽ ഐ.ടി മേഖലയുടെ സ്വാധീനവുമുണ്ടാകും. പാലക്കാട് കേന്ദ്രീകരിച്ച് ദേശീയപാതയുടെ രണ്ടു വശങ്ങളിലായി 100 കിലോമീറ്റർ നീളത്തിലാണ് സംയോജിത ഉത്പാദന ക്ലസ്റ്റർ (ഐം.എം.സി) വരുന്നത്. പ്രത്യേക സാമ്പത്തിക മേഖലകളുടെ മാതൃകയിൽ ആനുകൂല്യങ്ങൾ സംരംഭകർക്ക് ലഭിക്കുംവിധമാണ് ഐ.എം.സി വിഭാവനം ചെയ്തിട്ടുള്ളത്.
കാൽലക്ഷം പേർക്ക് നേരിട്ട് തൊഴിൽകൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴിയുടെ കേരളത്തിലെ നീളം 160 കിലോമീറ്ററാണ്. ഒമ്പത് ഏകീകൃത ഉത്പാദന ക്ലസ്റ്ററുകളുണ്ടാകും. വ്യവസായ ഇടനാഴിയുടെ തുടർ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ദൈനംദിന വിലയിരുത്തലിനുമായി പ്രത്യേക വെബ് പോർട്ടലിന് കിൻഫ്ര രൂപംനൽകും. ഭക്ഷ്യവ്യവസായം, ഫാർമസ്യൂട്ടിക്കൽസ്, ലഘു എഞ്ചിനീയറിംഗ് വ്യവസായം, ബൊട്ടാണിക്കൽ ഉത്പന്നങ്ങൾ, ടെക്‌സ്റ്റെൽസ്, ഖരമാലിന്യ റീസൈക്ലിംഗ്, ഇലക്ട്രോണിക്‌സ്, ഐടി ലോജിസ്റ്റിക്‌സ്, ഓട്ടോമോട്ടീവ് തുടങ്ങിയ ക്ലസ്റ്ററുകൾ ആണ് ഇടനാഴിയുടെ ഭാഗമായ പാലക്കാട് കേന്ദ്രത്തിൽ ഉണ്ടാവുക.പാലക്കാട് 1720 ഏക്കറിൽ പതിനായിരംകോടി രൂപയുടെ നിക്ഷേപം യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമ്മാണം ആരംഭിച്ച് അഞ്ചുവർഷത്തിനുള്ളിൽ 25,000 പേർക്ക് നേരിട്ടും 80,000 പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങൾ ലഭിക്കുമെന്നും വിലയിരുത്തുന്നു. ആദ്യഘട്ടത്തിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലെ ഇലക്‌ട്രോണിക്‌സ്, ഐ.ടി, ബയോടെക്‌നോളജി, ലൈഫ് സയൻസ് എന്നിവയുൾപ്പെടെയുള്ള ഉത്പാദന പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.തുല്യവിഹിതംകൊച്ചി – പാലക്കാട് ഹൈടെക്ക് വ്യവസായ ഇടനാഴി വികസിപ്പിക്കുന്നതിനുള്ള കരട് ഓഹരി വിഹിതവും (ഷെയർ ഹോർഡേഴ്‌സ് എഗ്രിമെന്റ്) സംസ്ഥാന പങ്കാളിത്തവും (സ്‌റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റ്) മന്ത്രിസഭ നേരത്തെ അംഗീകരിച്ചിരുന്നു. വ്യവസായ ഇടനാഴിയുമായി ബന്ധപ്പെട്ട് സംസ്ഥാനം എന്തെല്ലാം കാര്യങ്ങളാണ് നിർവഹിക്കുക എന്ന് വിശദമാക്കുന്നതാണ് സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റ്. സംസ്ഥാനവും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇപ്ലിമെന്റേഷൻ ട്രസ്റ്റുമാണ് ഇടനാഴിയുടെ രൂപീകരണത്തിന് നേതൃത്വം വഹിക്കുന്നത്. ഏറ്റെടുത്തുനൽകുന്ന ഭൂമിയാണ് സംസ്ഥാനവിഹിതമായി കണക്കാക്കുക. ഈ ഭൂമിയുടെ മൂല്യത്തിന് തുല്യമായ തുക കേന്ദ്രം നൽകും. ഇത്തരത്തിൽ 50 ശതമാനം തുല്യവിഹിതമാണ് രണ്ടുകൂട്ടർക്കും ഉണ്ടാവുക. തുല്യ ഓഹരിപങ്കാളിത്തത്തോടെ സംയുക്തസംരംഭമായി രൂപവത്കരിക്കുന്ന ബോർഡിൽ സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര ഏജൻസിയുടെയും പ്രതിനിധികൾ ഉണ്ടാകും. കിൻഫ്രയും നിക്ക്ഡിറ്റും തമ്മിലാണ് ഷെയർ ഹോർഡേഴ്‌സ് എഗ്രിമെന്റ്. സംസ്ഥാന സർക്കാരും നിക്ക്ഡിറ്റും കിൻഫ്രയും തമ്മിലാണ് സ്‌റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റിൽ ധാരണയാകുന്നത്.ഗിഫ്റ്റ് സിറ്റി പദ്ധതിവ്യവസായ ഇടനാഴിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ അയ്യമ്പുഴയിൽ നിർമ്മിക്കുന്ന ഗിഫ്റ്റ് സിറ്റി പദ്ധതിക്ക് 500 ഏക്കർ സ്ഥലം ഏറ്റെടുക്കും. ഇതിനുള്ള ഭരണാനുമതി ലഭ്യമായിട്ടുണ്ട്. കൂടാതെ കിൻഫ്ര 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായ സാമൂഹിക ആഘാത പഠനം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി വേഗത്തിൽ നിർമ്മാണത്തിലേക്ക് കടക്കാനാണ് ആലോചന. ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ വ്യവസായ മേഖലയിൽ പാലക്കാട്, കൊച്ചി ജില്ലകളുടെ കുതിച്ചുചാട്ടത്തിന് കേരളം സാക്ഷ്യം വഹിക്കും.