കൊച്ചി
സംസ്ഥാന സർക്കാരിന്റെ വ്യവസായ യന്ത്ര പ്രദർശനമേള ‘മെഷിനറി എക്‌സ്‌പോ 2022′ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ വ്യവസായമന്ത്രി പി രാജീവ്‌ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കാർഷിക ഭക്ഷ്യസംസ്‌കരണം, ജനറൽ എൻജിനിയറിങ്‌, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളിലെ നൂതന സാങ്കേതികവിദ്യകളും യന്ത്രസാമഗ്രികളുമാണ്‌ പ്രദർശിപ്പിക്കുന്നത്. 140 സ്റ്റാളുകളാണ്‌ ഒരുക്കിയിട്ടുള്ളത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ നടത്തുന്ന മേളയിൽ എക്‌സിബിറ്റേഴ്‌സായി പങ്കെടുക്കുന്നവർക്ക്‌ 48 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. രണ്ട് ഡോസ്  വാക്‌സിൻ സ്വീകരിച്ചവരെമാത്രമേ സന്ദർശിക്കാൻ അനുവദിക്കൂ. സന്ദർശിക്കുന്നതിന് ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ http://machineryexpokerala.in/visitor register എന്ന ലിങ്ക് വഴി സൗകര്യം ഒരുക്കിയിരുന്നു.