സംരംഭകര്‍ക്കായി ജില്ലയില്‍ അനുകൂല അന്തരീക്ഷം ഒരുക്കുമെന്ന് വ്യവസായ -നിയമ-കയര്‍വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സംരംഭകരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാക്കഞ്ചേരി ടെക്‌നോ ഇന്‍ഡ്രസ്ട്രിയല്‍ പാര്‍ക്കില്‍ ഐ.ടി- ഐ.ടി അധിഷ്ഠിത കമ്പനികള്‍ക്കായി ഒരുക്കിയ കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വ്യവസായ മേഖലയുടെ വളര്‍ച്ച ലക്ഷ്യം വച്ച് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. സ്ഥലം ലഭ്യമായാല്‍ സ്വകാര്യ വ്യവസായ പാര്‍ക്കുകളില്‍ പശ്ചാത്തല സൗകര്യം ഒരുക്കികൊടുക്കാനാണ് സര്‍ക്കാര്‍ ആലോചനയെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയില്‍ കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങാനും കൂടുതലാളുകള്‍ക്ക് തൊഴില്‍ നല്‍കാനും കൂട്ടായ്മയോടെയുള്ള പരിശ്രമമാണ് വേണ്ടത്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുണം ലഭിക്കുന്ന തരത്തില്‍ അവസരങ്ങള്‍ ഉണ്ടാക്കി കൊടുക്കാന്‍ നടപടികള്‍ സ്വീകരിക്കും. നിലവിലുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പി.രാജീവ് പറഞ്ഞു. അലോട്ട്‌മെന്റ് ലെറ്റര്‍ വിതരണവും മന്ത്രി നിര്‍വഹിച്ചു.

പി.അബ്ദുള്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി മുഖ്യപ്രഭാഷണം നടത്തി. കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ജില്ലയിലെ വ്യവസായ വികസനത്തില്‍ നാഴിക്കല്ലാണെന്ന് ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. വ്യവസായ വികസനത്തിനൊപ്പം മലിനീകരണ നിയന്ത്രണവും ഉറപ്പാക്കണമെന്നും പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷാജിനി ഉണ്ണി, ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എ.പി ജമീല ടീച്ചര്‍, പഞ്ചായത്തംഗം ജംഷിദ നൂറുദ്ദീന്‍, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് സ്വാഗതവും ജനറല്‍ മാനേജര്‍ ജി. സുനില്‍ നന്ദിയും പറഞ്ഞു.

ഐ.ടി- ഐ.ടി അധിഷ്ഠിത കമ്പനികള്‍ക്ക് കൂടൂതല്‍ സൗകര്യങ്ങളും സുരക്ഷിതത്വവുമൊരുക്കിയാണ് കാക്കഞ്ചേരി ടെക്‌നോ ഇന്‍ഡ്രസ്ട്രിയല്‍ പാര്‍ക്കില്‍ കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി 22 കോടിയോളം രൂപ വിനിയോഗിച്ച് വ്യാവസായ വകുപ്പ് സജ്ജീകരിച്ചിരിക്കുന്നത്. കൂടുതല്‍ ഐ.ടി കമ്പനികളെ ഉള്‍ക്കൊള്ളാവുന്ന വിധത്തിലുള്ള അത്യാധുനിക സൗകര്യങ്ങളാണ് കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി കെട്ടിടത്തിലുള്ളത്. 1.30 ഏക്കറില്‍ ഏഴുനിലകളിലായി ഒരു ലക്ഷത്തി നാല്‍പ്പത്തി ഏഴായിരം ചതുരശ്ര അടിയിലാണ് സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി. ഇതില്‍ 96607 ചതുരശ്ര അടി സംരഭകര്‍ക്കായുള്ള അലോട്ടബിള്‍ ഏരിയയാണ്.

രണ്ട് പാസഞ്ചര്‍ ഏലവേറ്ററുകള്‍, ഒരു ഗുഡ്‌സ്എലിവേറ്റര്‍, അഗ്നിശമന ഉപകരണങ്ങള്‍, 800 കെ.വി.എ ട്രാന്‍സ്‌ഫോര്‍മര്‍,വൈദ്യുതി മുടങ്ങുമ്പോള്‍ ബാക്കപ്പ് നല്‍കുന്നതിനുള്ള 250 കെ.വി.എ ഡിജിസെറ്റ്, ഓരോ നിലയിലും പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായുള്ള ടോയ്‌ലറ്റുകള്‍, കമ്പനികളില്‍ നിന്നുള്ള മലിനജലം നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള സൗകര്യം, വിപുലമായ പാര്‍ക്കിങ് തുടങ്ങി ഒട്ടനവധി സംരംഭകസൗഹൃദ സൗകര്യങ്ങള്‍ ഫാക്ടറിയില്‍ ഒരുക്കിയിട്ടുണ്ട്. സാങ്കേതിക തടസങ്ങളില്ലാതെ കമ്പനികള്‍ക്ക് വേഗത്തില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി ഏകജാലക സംവിധാനവും കിന്‍ഫ്ര പാര്‍ക്കിലുണ്ട്.

അതിനാല്‍ ലൈസന്‍സും മറ്റു രേഖകളും സമയബന്ധിതമായി തന്നെ ലഭ്യമാകും. തടസങ്ങളില്ലാതെ മുഴുവന്‍ സമയവും വൈദ്യുതി ലഭ്യമാകുമെന്നതും സവിശേഷതയാണ്. കാക്കഞ്ചേരി കിന്‍ഫ്രപാര്‍ക്കിലെ നിയോസ്പേസ് നമ്പന്‍ ഒണ്‍ കെട്ടിടത്തില്‍ നിലവില്‍ 42 ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികൂടി യാഥാര്‍ത്ഥ്യമായതോടെ കിന്‍ഫ്ര പാര്‍ക്കില്‍ ഐ.ടി- ഐ.ടി അധിഷ്ഠിത കമ്പനികള്‍ക്ക് സാധ്യതയേറും.