സാമഗ്രികളുടെ വില വർധനവ് മൂലം നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയിൽ. സാധാരണക്കാരും ഇടത്തരം കരാർ തൊഴിലാളികളുമാണ് ബുദ്ധിമുട്ടിലായത്. സാധന സാമഗ്രികളുടെ വിലക്കയറ്റം കാരണം പല കെട്ടിട നിർമ്മാണങ്ങളും അനിശ്ചിതത്വത്തിലാണ്.

ഗൾഫ് മേഖല ശക്തമായ കാലത്താണ് സംസ്ഥാനത്ത് നിർമ്മാണ മേഖലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായത്. എന്നാൽ കഴിഞ്ഞ അഞ്ചുവർഷത്തെ കണക്ക് സൂചിപ്പിക്കുന്നത് ഗൾഫ് മേഖലയിൽ നിന്നും കേരളത്തിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞെന്നാണ്. ലോക്ക് ഡൗണിന് ശേഷം നിശ്ചലമായ നിർമ്മാണ മേഖലയ്ക്ക് നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ആറുമാസം കൊണ്ടുതന്നെ പിടിച്ചു നിൽക്കാനായി. എന്നാൽ അവശ്യ വസ്തുക്കളുടെ വില കൂടി കൊണ്ടിരിക്കുന്നത് വലിയ വെല്ലുവിളിയാണ്.
സർക്കാരിന് കീഴിലുള്ള മലബാർ സിമന്റ്സിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തിയാൽ തന്നെ സംസ്ഥാനത്തെ സിമന്റ് ക്ഷാമത്തിനും ആ പേരിൽ കുത്തക കമ്പനികൾ നടത്തുന്ന തീവെട്ടി കൊള്ളയും അവസാനമാകും. 320 രൂപ നിരക്കിൽ ഉപഭോക്താവിന് സിമന്റ് ലഭ്യമാക്കാൻ കഴിയുമെന്ന് കണക്കുകൾ വ്യക്തമാക്കുമ്പോൾ അധികൃതർ ആ ഭാഗം കണ്ടില്ലെന്ന് നടിക്കുകയാണ്. 18 മുതൽ 28% വരെ ജി.എസ്.ടി സർക്കാരിന് ലഭിക്കുന്നതിനാൽ നിർമ്മാണ സാമഗ്രികളുടെ വില കൂടുന്നത് സർക്കാറിന് നേട്ടമാണ്. വിവിധ പദ്ധതികളിലൂടെ നിർമ്മിക്കുന്ന വീടുകളും പൊതുമരാമത്തിന് കീഴിലെ പ്രവർത്തികളും നിർമ്മാണ സാമഗ്രികളുടെ വില വർധനവിനെ തുടർന്ന് ഇഴഞ്ഞുനീങ്ങുകയാണ്.സിമന്റ് വില മേലോട്ട്
സിമന്റ് വില ഉയർന്നതാണ് വലിയ പ്രശ്നം. 430 രൂപയാണ് ഒരു ചാക്ക് സിമന്റിന് ഉപഭോക്താക്കൾ നൽകേണ്ടത്. വ്യാപാരികൾക്കിത് 390 രൂപയ്ക്ക് ലഭിക്കും. രണ്ടുമാസത്തിനിടെ ചില്ലറ വില്പനയിൽ 50 രൂപയുടെ വർധനയാണ് വന്നത്. കരാറെടുക്കുന്ന സമയത്ത് വില കണക്കാക്കി പണി തുടങ്ങിയവരുടെ കണക്ക് ഇതോടെ പിഴയ്ക്കും. കമ്പി വിലയും അടുത്തിടെ കിലോയ്ക്ക് 20 രൂപ കൂടി. ഇടത്തരം കരാറുകാർ പലരും നഷ്ടം നികത്താൻ പാടുപെടുകയാണ്. മണൽ യൂണിറ്റിന് 10000 രൂപ വരെ ഈടാക്കുന്നുണ്ടെങ്കിലും ബദൽ മാർഗമായ എം.സാന്റ് യൂണിറ്റിന് 4000 രൂപ മാത്രമാണ്. കരിങ്കല്ല്, ചെങ്കല്ല്, ഇഷ്ടിക എന്നിവ നഷ്ടമില്ലാത്ത രീതിയിൽ ലഭ്യമാകുന്നതും അയൽസംസ്ഥാന തൊഴിലാളികളുടെ വേതനം കുറവായതും മാത്രമാണ് മേഖലയിൽ ആശ്വാസം നൽകുന്ന ഘടകങ്ങൾ.നിർമ്മാണ സാമഗ്രികളുടെ വില സർക്കാർ നിയന്ത്രിക്കണം. നികുതി വർധനവ് കണക്കിലെടുത്ത് സിമന്റ് ഉൾപ്പടെയുള്ളവയ്ക്ക് യഥേഷ്ടം വില കൂട്ടാൻ അനുവാദം നൽകുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും.