അരിക്കോട്: അരീക്കോടിലെ കച്ചവട സ്ഥാപനങ്ങളെയും കാല്‍നട യാത്രക്കാരെ തടസപ്പെടുത്തി കൊണ്ട് അനധികൃത വാഹന പാര്‍ക്കിങ് നടത്തുന്നതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ഏറനാട്മണ്ഡലം പ്രസിഡൻ്റ് അരീക്കോട് പോലിസിൽ പരാതി സമർപ്പിച്ചു’വിദ്യാർഥികൾക്കും യാത്രക്കാര്‍ക്കും തടസ്സം സൃഷ്ടിക്കുന്ന തരത്തിലാണ് വാഹനങ്ങൾ നിർത്തിയിട്ടു പോകുന്നത്

ഫുട്ട്പാത്തിന് ഇരുവശവും പാര്‍ക്കിങ് ഉള്ളതിനാല്‍ യാത്രക്കാര്‍ റോഡിലുടെയാണ് നടക്കുന്നത്. ഫുട്പാത്ത് കയ്യേറി അനധികൃത കച്ചവടങ്ങളും പ്രവർത്തിക്കുന്നത് യാത്രക്കാർക്ക് ഏറെ തടസം സൃഷ്ടിക്കുന്നുണ്ട്. 2019ലെ ഹൈക്കോടതി സ്വകാര്യ അന്യായത്തില്‍ നല്‍കിയവിധി പ്രകാരം പൊതുനിരത്തുകളില്‍ അനധികൃത പാര്‍ക്കിങ് ഒഴിവാക്കണമെന്ന നിര്‍ദ്ദേശമുണ്ട്. ജസ്റ്റിസ് പിആര്‍ രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഈ ഉത്തരവ് പ്രകാരം കടയുടമകൾ പരാതിപ്പെട്ടാൽ പാർക്കിങ് ഒഴിപ്പിക്കണമെന്നാണ് കോടതി നിർദേശം.

അനധികൃത പാർക്കിങ്ങിനെതിരെയും കാൽനടയാത്രക്കാർക്ക് തടസം സൃഷ്ടിക്കുന്ന രീതിയിൽ ഫുട്പാത്ത് കൈയേറി കച്ചവടം നടത്തുന്നതിനെതിരെയും ഇടപെടൽ നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഏറനാട് മണ്ഡലം പ്രസിഡൻ്റ് അൽമോയ റസാഖ് അറിയിച്ചു’