തിരുവനന്തപുരം : നാട്ടിലെ ചെറുകിട വ്യാപാരികളേയും വ്യാപാര സ്ഥാപനങ്ങളെയും മറന്നു കൊണ്ട് ഒരു ഭരണകൂടത്തിനും ദീർഘനാൾ മുന്നോട്ടു പോകുവാൻ കഴിയില്ലായെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന രക്ഷാധികാരി ശ്രീ. കമലാലയം സുകു പറഞ്ഞു .

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ബജറ്റുകളിൽ വ്യാപാരികളെ പൂർണ്ണമായും അവഗണിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ സെക്രട്ടറിയേറ്റ് ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിതത്തിലായ വ്യാപാരമേഖലയുടെ ദുസ്ഥിതി പ്രതീകാത്മകമായി പ്രകടിപ്പിച്ചു കൊണ്ട് വ്യാപാരികസെക്രട്ടറിയേറ്റിനുമുന്നിൽകഞ്ഞികലംകമിഴ്ത്തി.  പ്രാദേശികമായ ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങൾ വഴി  സാമ്പത്തിക ക്രയ വിക്രയങ്ങൾ  പരമാവധി നടന്നാൽ മാത്രമേ പുരോഗതി ഉണ്ടാവുകയുള്ളു. അതിന് ജനങ്ങളുടെ കൈയ്യിൽ പണം വേണം.

നിത്യ ജീവിത ചെലവ് വർധിക്കുന്നതിനോടൊപ്പം നികുതി ഭാരം കൂടി അടിച്ചേൽപ്പിക്കുമ്പോൾ  സാധാരണക്കാരന്റെ പർച്ചേസിംഗ് പവർ കുറയുകയും പ്രാദേശിക വിപണിയെ സാരമായി ബാധിക്കുകയും ചെയ്യും. സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാന ഘടകമായ പ്രാദേശിക വിപണിയുടെ തകർച്ചയ്ക്ക് വേഗത കൂട്ടുന്ന ബജറ്റുകളാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകളുടേതെന്നും ശ്രീ. കമലാലയം സുകു പറഞ്ഞു.

ജി.എസ്. റ്റി കാലോചിതമായി പരിഷ്കരിക്കുക, ദേശീയ റീട്ടെയിൽ വ്യാപാരം നയം രൂപീകരിക്കുക, ഓൺലൈൻ കുത്തകകളെ നിയന്ത്രിക്കുന്നതിനാവശ്യമായ നയരൂപീകരണം തുടങ്ങിയ ആവശ്യങ്ങളും പരിഗണിക്കപ്പെടാത്തതിലും വ്യാപാരികളുടെ ശക്തമായ പ്രതിഷേധമുണ്ടെന്ന്  സമരത്തിന് അദ്ധ്യക്ഷത വഹിച്ചു കൊണ്ട്. സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. എസ്. മനോജ് പറഞ്ഞു.

ഇന്ധനം ഉൾപ്പെടെ സമസ്ത മേഖലകളിലേയും നികുതി വർധനവ് വ്യാപാര മേഖലയുടെ നടുവൊടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി തന്നെ ചെയർമാനായുള്ള വ്യാപാരി ക്ഷേമനിധി ബോർഡിൽ പെൻഷൻ തുക 1600 ൽ നിന്നും 1300 ആയി വെട്ടിക്കുറച്ച നടപടിയിലും, റോഡ് വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വാടകക്കാരായ വ്യാപാരികൾക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിലും, കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയ 1000 കോടിയുടെ വ്യാപാര വായ്പാ സബ്സിഡിയുടെ കാര്യത്തിലും ബജറ്റിൽ ഒരു നിർദേശവും ഉണ്ടായില്ലാ.

അശാസ്ത്രീയമായ ഹെൽത്ത് കാർഡ് നിബന്ധനകൾ നടപ്പിലാക്കുവാൻ കഴിയില്ല.  കാലഹരണപ്പെട്ട വാറ്റ് നികുതിയുടെ തർക്കങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ലായെന്നും  ശ്രീ. എസ്. എസ്. മനോജ് പറഞ്ഞു.
വ്യാപാരികൾ ഉന്നയിക്കുന്ന പ്രശ്നങ്ങളോട് യാഥാർത്ഥ്യ ബോധത്തോടെയുള്ള സമീപനം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരം മാർഗങ്ങൾ  സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. എം. നസീർ, സംസ്ഥാന ട്രഷറർ ശ്രീ. കെ. എം. നാസറുദ്ദീൻ, സംസ്ഥാന നേതാക്കളായ  കരമന മാധവൻകുട്ടി, വി. എൽ. സുരേഷ്കുമാർ, സി. എസ്. മോഹൻദാസ്, ശശിധരൻ നായർ, ഗുരുവായൂർ റ്റി. എൻ. മുരളി, അസീം മീഡിയ, ദുർഗാ ഗോപാലകൃഷ്ണൻ, നെട്ടയം മധു, ഫെഡറിക്ക് ഡിക്രൂസ്,,  ടി.കെ. മൂസ, കെ. റ്റി. തോമസ് തുടങ്ങിവർ ധർണ്ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു.