കണ്ണൂർ: കണ്ണൂരിൽ, വെട്ടി പൊളിച്ച റോഡുകൾ യുദ്ധകാല അടിസ്ഥാനത്തിൽ ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ കോർപറേഷൻ മാർച്ച് നടത്തി. പൈപ്പിടുന്നതിനായി കണ്ണൂർ നഗരത്തിലെ റോഡുകൾ വെട്ടിപൊളിച്ചതിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ കടയടപ്പു സമരവും കോർപറേഷൻ ഓഫീസ് മാർച്ചും നടത്തിയത്.

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ മാസങ്ങളോളമായി റോഡുകൾ വെട്ടിപ്പൊളിച്ച് ടാർ ചെയ്യാത്തതിനാൽ കടുത്ത പൊടിശല്യമാണ്. കുണ്ടും കുഴിയും മൂലം വാഹനങ്ങൾ കുടുങ്ങി വ്യാപാരികളുടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്ന ത്. ഈ പശ്ചാത്തലത്തിലാണ് പൊറുതി മുട്ടിയ വ്യാപാരികൾ കോർപറേഷനിലേക്ക് മാർച്ച് നടത്തിയത്.

യുദ്ധകാലടിസ്ഥാനത്തിൽ ടാർ ചെയ്ത് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും തൊഴിലാളികളുടെയും തൊഴിലും ആരോഗ്യവും സംരക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി പറഞ്ഞു. ഏകോപന സമിതി ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കോർപ്പറേഷൻ മാർച്ചും ഉപരോധവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ ആവശ്യം ഉന്നയിച്ച് അധികാരികൾക്ക് പലതവണ നിവേദനം നൽകുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. പെട്ടെന്ന് ശരിയാക്കാം എന്ന് പറഞ്ഞ് മാസങ്ങൾ തള്ളി നീക്കുകയാണ് കോർപ്പറേഷൻ അധികാരികൾ. പൊടി ശല്യം മൂലം വ്യാപാരികളും, തൊഴിലാളികളും, പൊതുജനങ്ങളും അലർജിയും മറ്റു രോഗങ്ങളുമായി പൊറുതിമുട്ടുകയാണ്.

താൽക്കാലികമായി പലയിടത്തും ഇട്ട ജെല്ലി തെറിച്ച് കാൽ നടക്കാർക്കും, ഇരുചക്രവാഹനം ഓടിക്കുന്നവർക്കും പരിക്കേൽക്കുന്നത് നിത്യസംഭവമാണ്. മാർച്ച് അവസാനത്തോടുകൂടി വിശേഷ ദിവസങ്ങളും കടന്നുവരികയാണ്, കോവിഡാനന്തരം വ്യാപാരികൾ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സാഹചര്യത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ റോഡുകൾ ടാർ ചെയ്ത് പൂർവ്വ സ്ഥിതിയിലേക്ക് ആക്കിയിട്ടില്ലെങ്കിൽ അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്ക് വ്യാപാരികൾ നീങ്ങേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത് അധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ രാജൻ തിയറോത്ത്, എം.ആർ. നൗഷാദ്, താജ് ജേക്കബ്, അജിത്ത് ചാലാട്, അജിത്ത് വാരം, കെ വി സലീംതുടങ്ങിയവർ സംസാരിച്ചു.