വനിതകള്‍ക്ക് ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാരും മറ്റ് ഏജന്‍സികളും വിവിധ ധനസഹായ പദ്ധതികളും പരിശീലന പരിപാടികളും ആസൂത്രണം ചെയ്തുവരുന്നു. കേരളത്തില്‍ പ്രധാനമായും വ്യവസായ വകുപ്പ്, വനിതാവികസന കോര്‍പ്പറേഷന്‍, സാമൂഹ്യക്ഷേമ വകുപ്പ്, ഫിഷറീസ്, കുടുംബശ്രീ തുടങ്ങിയവയിലൂടെയാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കി വരുന്നത്.

1. വ്യവസായ വാണിജ്യ വകുപ്പ്

1. വനിതാ വ്യവസായ സംരംഭകര്‍ക്കുള്ള ഗ്രാന്‍റ്

വനിതകള്‍ നടത്തുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കും 80 ശതമാനത്തിലധികം വനിതാജോലിക്കാരുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കും സബ്സിഡിയോടുകൂടി ധനസഹായം നല്‍കുന്ന പദ്ധതിയാണിത്.പരമാവധി 25000 രൂപവരെ ആനുകൂല്യം ലഭിക്കുന്ന ഈ പദ്ധതിക്കുള്ള അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ ജില്ലാപഞ്ചായത്ത് ഓഫീസിലാണ് നല്‍കേണ്ടത്.

2. വനിതാ വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം

വനിതാവ്യവസായ സഹകരണ സംഘങ്ങള്‍ക്ക് പരമാവധി 3.5 ലക്ഷം രൂപവരെ സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം നല്‍കുന്ന പദ്ധതിയാണിത്. കൂടാതെ ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് ആനുകൂല്യങ്ങളും ഈ പ്രോജക്ടുകള്‍ വഴി നല്‍കുന്നുണ്ട്. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ താലൂക്ക് വ്യവസായ ഓഫീസര്‍ വഴി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍മാനേജര്‍ക്കാണ് നല്‍കേണ്ടത്.

2. കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍

1. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വനിതകള്‍ക്കുള്ള സ്വയംതൊഴില്‍ വായ്പാ പദ്ധതി

50000 രൂപവരെ ചെലവു വരുന്ന പദ്ധതികള്‍ തുടങ്ങാനായി ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വനിതകള്‍ക്ക് വായ്പ നല്‍കുന്ന സ്കീമാണിത്. വ്യക്തിഗത പദ്ധതികള്‍ക്കും പരമാവധി രണ്ടുലക്ഷം രൂപവരെ ചെലവുവരുന്ന നാലുപേര്‍ വരെ ചേര്‍ന്നുള്ള കുടുംബ സംരംഭങ്ങള്‍ക്കും സഹായം ലഭിക്കും.

2. ന്യൂനപക്ഷവിഭാഗങ്ങള്‍ക്കുള്ള വായ്പാ പദ്ധതി

മുസ്ലീം, ക്രിസ്ത്യന്‍, പാഴ്സി, ജൈനര്‍, ബുദ്ധമതക്കാര്‍ തുടങ്ങിയ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെടുന്ന സ്ത്രീകള്‍ക്ക് 50000 രൂപവരെ ചെലവുവരുന്ന പദ്ധതികള്‍ക്കും ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ നിന്നും അനുമതി ലഭിച്ച ചില പദ്ധതികള്‍ക്കും നേരിട്ട് വായ്പ ലഭിക്കുന്ന സ്കീമാണിത്. 50000 രൂപയില്‍ കൂടുതല്‍ ചെലവുവരുന്ന മറ്റു പദ്ധതികള്‍ക്ക് ദേശീയ കോര്‍പ്പറേഷന്‍റെ അംഗീകാരത്തിന് വിധേയമായി വായ്പ ലഭിക്കും.

3. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള വായ്പാ പദ്ധതി

കേരളത്തിലെ പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന വനിതകള്‍ക്ക് പരമാവധി അഞ്ച് ലക്ഷം രൂപാവരെ ധനസഹായം നല്‍കുന്ന പദ്ധതിയാണിത്.ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍റെ സഹായത്തോടെ 50000 രൂപ ചെലവു വരുന്ന പദ്ധതികള്‍ക്കും ദേശീയ കോര്‍പ്പറേഷന്‍റെ അനുമതി ലഭിച്ച ചില നിര്‍ദ്ദിഷ്ട പദ്ധതികള്‍ക്കും നേരിട്ടും 50000 രൂപയ്ക്ക് മുകളില്‍ ചെലവുവരുന്ന പദ്ധതികള്‍ക്ക് ദേശീയ കോര്‍പ്പറേഷന്‍റെ അംഗീകാരത്തിന് വിധേയമായും ധനസഹായം ലഭിക്കും.

4. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള മാര്‍ജിന്‍മണി വായ്പാ പദ്ധതി

പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തിലെ വനിതകള്‍ക്ക് വായ്പ നല്‍കുന്ന പദ്ധതിയാണിത്. ചെലവിന്‍റെ 60 ശതമാനം വരെ ബാങ്ക് വായ്പയുള്ളവര്‍ക്ക് പരമാവധി 175,000 രൂപവരെ ഇതുപ്രകാരം മാര്‍ജിന്‍മണി വായ്പയായി ലഭിക്കും. വനിതാ വ്യവസായ സഹകരണ സംഘങ്ങള്‍ക്കും മഹിളാ സമാജങ്ങള്‍ക്കും തൊഴില്‍ സംരംഭങ്ങളും ചെറുകിട വ്യവസായ സംരംഭങ്ങളും ആരംഭിക്കുന്നതിന് വായ്പ നല്‍കുന്ന പദ്ധതിയാണിത്. വായ്പാതുക കുടിശ്ശിക വരുത്തിയിട്ടില്ലാത്ത സംഘങ്ങള്‍ക്കാണ് വായ്പ ലഭിക്കാനുള്ള അര്‍ഹതയുള്ളത്. സ്വന്തമായി തയ്യാറാക്കിയ അപേക്ഷകള്‍ കോര്‍പ്പറേഷന്‍റെ അതത് മേഖലാ ഓഫീസുകളിലാണ് നല്‍കുന്നത്.

3. കേരള സംസ്ഥാന സാമൂഹ്യ ക്ഷേമ ഉപദേശക ബോര്‍ഡ്

1. സന്നദ്ധ സംഘടനകള്‍ക്കുള്ള തൊഴില്‍ദാന പദ്ധതികള്‍

ചെറുകിട വ്യവസായ പദ്ധതികള്‍ ആരംഭിക്കാന്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഈ പദ്ധതി വഴി മൂന്നുലക്ഷം രൂപാവരെ ഗ്രാന്‍റ് ലഭിക്കും. അപേക്ഷാ ഫോറങ്ങള്‍ ലഭിക്കാന്‍ സംഘടനയുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പി സഹിതം സാമൂഹ്യക്ഷേമ ബോര്‍ഡിലേക്ക് അപേക്ഷിക്കാം.

2. സംക്ഷിപ്ത വിദ്യാഭ്യാസ പരിപാടി

സാമ്പത്തികവിഷമം മൂലം വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നിട്ടുള്ള സ്ത്രീകള്‍ക്ക് വിദ്യാഭ്യാസ യോഗ്യത നേടിക്കൊടുത്ത് തൊഴിലവസരങ്ങള്‍ നല്‍കുന്ന പദ്ധതിയാണിത്.

3. തൊഴിലധിഷ്ഠിത പരിശീലന കോഴ്സുകള്‍

വനിതകള്‍ക്കു ചേരുന്ന തൊഴിലധിഷ്ഠിത കോഴ്സുകള്‍ നടത്താന്‍ സംഘടനകള്‍ക്ക് ഗ്രാന്‍റു നല്‍കുന്ന പദ്ധതിയാണിത്.

4. ഗ്രാമീണ സ്ത്രീകളുടെ ബോധവല്‍ക്കരണ ക്യാമ്പുകള്‍ക്ക് ധനസഹായം

ഗ്രാമീണ സ്ത്രീകളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും ബോധവല്‍ക്കരണ ക്യാമ്പുകള്‍ നടത്താന്‍ ഈ പദ്ധതി ധനസഹായം നല്‍കുന്നു.

5. ഫാമിലി കൗണ്‍സലിംഗ് സെന്‍ററുകള്‍

ഗ്രാമീണ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് നിയമോപദേശം നല്‍കുന്നതിനും കൗണ്‍സലിംഗ് സെന്‍ററുകള്‍ തുടങ്ങാന്‍ സന്നദ്ധ സംഘാടകര്‍ക്ക് ഈ പദ്ധതി ഒരു ലക്ഷം രൂപവരെ ധനസഹായം നല്‍കുന്നു.

4. ഫിഷറീസ് വകുപ്പ്, മത്സ്യഫെഡ്, മത്സ്യബോര്‍ഡ് തുടങ്ങിയവയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍

1. വനിതാ ബസ് സര്‍വീസ്

മത്സ്യം കരക്കടുപ്പിക്കുന്ന കേന്ദ്രങ്ങളില്‍ നിന്നും വിപണന കേന്ദ്രങ്ങള്‍ വരെ യാത്ര ചെയ്യാന്‍ വനിതകള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്ന പദ്ധതിയാണിത്. മത്സ്യവിപണനം നടത്തുന്ന വനിതാ തൊഴിലാളികള്‍ക്ക് മത്സ്യഫെഡ് അനുവദിക്കുന്ന പാസ്സിന്‍റെ അടിസ്ഥാനത്തില്‍ വളരെ കുറഞ്ഞ യാത്രാക്കൂലി നല്‍കി യാത്ര ചെയ്യാം.

2. അലങ്കാരമത്സ്യകൃഷിക്ക് സഹായം

മത്സ്യഫെഡില്‍ അംഗത്വമുള്ള സഹകരണ സംഘങ്ങളിലെ അംഗങ്ങളായ സ്ത്രീകള്‍ക്ക് അലങ്കാര മത്സ്യകൃഷി തുടങ്ങാന്‍ ധനസഹായം നല്‍കുന്ന മത്സ്യഫെഡിന്‍റെ പദ്ധതിയാണിത്. നിര്‍ദ്ദിഷ്ട ഫോറത്തില്‍ അതാതു സ്ഥലത്തെ മത്സ്യഫെഡ് പ്രോജക്ട് ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

3. മത്സ്യവിപണനത്തിന് സഹായം

ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍റെ ധനസഹായത്തോടുകൂടി മത്സ്യവിപണനത്തിനുവേണ്ടി മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് ഈ പദ്ധതി വഴി 6000 രൂപ വായ്പയായി നല്‍കി വരുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മത്സ്യവിപണന ബൂത്തുകള്‍ നടത്തുന്നതിന് വനിതാബാങ്ക് മുഖേന 50000 രൂപ സബ്സിഡിയും മത്സ്യവിപണനത്തിന് വനിതകള്‍ക്ക് മോപ്പഡ് നല്‍കുന്ന പദ്ധതിയും ഈ സ്കീമിലുണ്ട്.

4. മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതി

മത്സ്യ അച്ചാര്‍ യൂണിറ്റുകള്‍, തഴപ്പായ നിര്‍മ്മാണം, കോള്‍ഡ് സ്റ്റോറേജുകള്‍, മത്സ്യക്കച്ചവടം, മത്സ്യം ഉണക്കി വില്‍പന, ചെമ്മീന്‍ പീലിംഗ് തുടങ്ങിയവ ആരംഭിക്കാന്‍ മത്സ്യതൊഴിലാളികളായ വനിതകള്‍ക്ക് ഫിഷറീസ് വകുപ്പ് മുഖേനയും മത്സ്യഫെഡ് വഴിയും ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. മത്സ്യഫെഡിനോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് മത്സ്യഫെഡിന്‍റെയും ഫിഷറീസ് വകുപ്പിന്‍റെയും ഓഫീസുകള്‍ വഴി അപേക്ഷകള്‍ നല്‍കാം.

5. സാമൂഹ്യക്ഷേമ വകുപ്പ്

1. സ്ത്രീകള്‍ക്ക് പരിശീലനത്തിനും തൊഴിലിനും സഹായം നല്‍കുന്ന പദ്ധതി (സ്റ്റെപ്പ്)

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന തൊഴില്‍രഹിതരായ വനിതകള്‍ക്ക് പരമ്പരാഗത തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കാന്‍ വേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതിയാണിത്. തൊഴില്‍ പദ്ധതികള്‍ നടത്താനുദ്ദേശിക്കുന്ന സന്നദ്ധ സംഘടനകള്‍ വഴിയാണ് ഈ ധനസഹായം ലഭിക്കുക. പ്രോജക്ട് റിപ്പോര്‍ട്ടുകളും അപേക്ഷാ ഫോമുകളും സാമൂഹ്യക്ഷേമ വകുപ്പിനു കീഴിലുള്ള ശിശുവികസന പദ്ധതി ഓഫീസര്‍ക്കാണ് നല്‍കേണ്ടത്.

2. സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്ന യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ധനസഹായം നല്‍കുന്ന പദ്ധതി(നൊറാഡ്)

പരമ്പരാഗത തൊഴിലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ പദ്ധതിയാണിത്. നോര്‍വീജിയന്‍ ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ ഡെവലപ്പ്മെന്‍റ് (നൊറാഡ്)ന്‍റെ ധനസഹായത്തോടെ ആരംഭിച്ച ഈ പദ്ധതി സന്നദ്ധ സംഘടനകള്‍ വഴിയാണ് നടപ്പാക്കുന്നത്.

6. കുടുംബശ്രീ പദ്ധതികള്‍

1.നഗരപ്രദേശങ്ങളിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വികസന പദ്ധതി.(ഡി.ഡബ്ലിയൂ.സി.വി.എ)

സുവര്‍ണ്ണ ജയന്തി നഗര തൊഴില്‍ദാന പദ്ധതി (എസ്.ജെ.എസ്.ആര്‍.വൈ.) പ്രകാരം നഗരപ്രദേശങ്ങളിലെ പാവപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള തൊഴിലവസര പദ്ധതിയാണിത്. ചുരുങ്ങിയത് പത്തു സ്ത്രീകളെങ്കിലുമുള്ള അയല്‍കൂട്ടങ്ങളിലെയോ വാര്‍ഡിലെയോ സംഘങ്ങള്‍ക്ക് ഈ പദ്ധതി വഴി 2.50 ലക്ഷംവരെ ധനസഹായം ലഭിക്കും.

2. വ്യക്തിഗത സ്വയംതൊഴില്‍ പദ്ധതി

നഗരപ്രദേശങ്ങളിലെ ദരിദ്രര്‍ക്ക് വ്യക്തിഗത തൊഴില്‍ സംരംഭം ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ധനസഹായ പദ്ധതിയുടെ 50 ശതമാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഈ പദ്ധതി പ്രകാരം പരമാവധി 50000 രൂപ ധനസഹായം ലഭിക്കും. അയല്‍കൂട്ടങ്ങളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.