ലോകത്തെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് ഡക്കാന്‍ പീഠഭൂമിയുടെ പടിഞ്ഞാറന്‍ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതിചെയ്യുന്ന കേരളം ഉൾപ്പെട്ട പശ്ചിമഘട്ട പര്‍വതനിര. വടക്ക് കാംബേ ഉള്‍ക്കടല്‍ മുതല്‍ നീലഗിരി വരെ ഇടമുറിയാത്ത പര്‍വതനിരയാണു പശ്ചിമഘട്ടം. ഇതിനു ശേഷം പാലക്കാട് ചുരമാണ് ഈ പര്‍വതനിരകളിലെ പ്രധാനപ്പെട്ട ഒരു വിടവ്. ജൈവവൈവിധ്യത്തിലെ പ്രാധാന്യം സൂചിപ്പിക്കുന്നതിനു പശ്ചിമഘട്ടം ഉള്‍പ്പെട്ട ജൈവമേഖലയ്ക്കു ഹോട്ട് സ്പോട്ട് ബഹുമതി ലഭിച്ചിട്ടുണ്ട്. അനുകൂലമായ താപനിലയും വന്‍തോതിലുള്ള വര്‍ഷപാതവും ഈ വനങ്ങളെ കൂടുതല്‍ പരിപോഷിപ്പിക്കുന്നു. 2012 ജൂലൈയില്‍ റഷ്യയിലെ സെന്‍്റ്പീറ്റേഴ്സ്ബര്‍ഗില്‍ ചേര്‍ന്ന ലോകപൈതൃകസമിതി യോഗം പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഹ്യാദ്രി, സഹ്യപര്‍വതം എന്നീ പേരുകളിലും അറിയപ്പെടുന്ന പശ്ചിമഘട്ടത്തിന് 1,600 കി..മീ. ദൈര്‍ഘ്യവും 1,60,000 ച.കി.മീ. വിസ്തൃതിയുമുണ്ട്. കേരളത്തിനു പുറമെ ഗുജറാത്ത്, മഹാരാഷ്ര്ട, ഗോവ, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും ഇതു വ്യാപിച്ചുകിടക്കുന്നു.

നിരവധി നദികള്‍ പശ്ചിമഘട്ടത്തില്‍നിന്നു പടിഞ്ഞാറോട്ട് അറബിക്കടലിലേക്കും കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലേക്കുമായി ഒഴുകുന്നു. പടിഞ്ഞാറേക്ക് വളരെ വേഗത്തിലൊഴുകുന്നതും കിഴക്കോട്ട് സാവകാശം ഒഴുകുന്നവയുമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡം ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിന്‍്റെ ഭാഗമായിരുന്ന കാലത്താണ് പശ്ചിമഘട്ടം രൂപപ്പെട്ടതെന്നാണു വിശ്വാസം. ഏഴുകോടി വര്‍ഷമെങ്കിലും പഴക്കമുണെ്ടന്നാണു ചരിത്രം.   ഇന്ത്യയില്‍ ഹിമാലയത്തിനു പുറത്തുള്ള ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി പശ്ചിമഘട്ടത്തിലാണ്. 2.7 കിലോമീറ്റര്‍ ആണ് ആനമുടിയുടെ ഉയരം. ലോകത്തെ ഏറ്റവും മികച്ച മഴക്കാടുകളിലൊന്നായ സൈലന്‍്റ്വാലി ദേശീയോദ്യാനം, വരയാടുകളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള ഇരവികുളം ദേശീയോദ്യാനം, പെരിയാര്‍ കടുവസംരക്ഷിത പ്രദേശം തുടങ്ങിയ ദേശീയോദ്യാനങ്ങളും പശ്ചിമഘട്ടത്തിലാണ്. ജന്തുവൈവിധ്യത്തിനു പുറമേ 1500ഓളം കാട്ടുപൂക്കളും ഇവിടെയുണ്ട്. തേക്ക്, ഈട്ടി, ചന്ദനം, ഈറ്റ എന്നിങ്ങനെ വിലപിടിച്ച മരങ്ങള്‍പശ്ചിമഘട്ടത്തിലെ വനങ്ങളിലുണ്ട്. കേരളത്തിലെ ജൈവ-സാമ്പത്തിക-പാരിസ്ഥിതിക മാറ്റങ്ങളെല്ലാം നിയന്ത്രിക്കുന്നതു പശ്ചിമഘട്ടമാണ്.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റിന്‍്റെ ഗതി പശ്ചിമഘട്ടം നിയന്ത്രിക്കുന്നതുകൊണ്ടാണ് കേരളമുള്‍പ്പെടെയുള്ള പ്രദേശത്തു മഴ ലഭിക്കുന്നത്. കേരളത്തിനു പുറമെ, കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും മിക്ക നദികളുടെയും വൃഷ്ടിപ്രദേശം പശ്ചിമഘട്ടമാണ്. കേരളത്തിലെ ബഹുഭൂരിഭാഗം നദികളുടെ ഉദ്ഭവവും പശ്ചിമഘട്ടത്തില്‍നിന്നാണ്.