ആലപ്പുഴ∙ ഹെൽത്ത് കാർഡ് എടുക്കാൻ ഏർപ്പെടുത്തിയ അശാസ്ത്രീയമായ നിബന്ധനകൾ പിൻവലിക്കുക, ഡീസൽ–പെട്രോൾ വിലയിൽ ഏർപ്പെടുത്തുന്ന പ്രത്യേക സെസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി സമരത്തിലേക്ക്. ആദ്യഘട്ടമായി നാളെ മുതൽ 25 വരെ എല്ലാ ജില്ലയിലും വാഹന ജാഥ നടത്തും. 28നു സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ധർണ നടത്തും. അന്നു തിരുവനന്തപുരം ജില്ലയിലെ കടകൾ അടച്ചിടുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അറിയിച്ചു. വ്യാപാരികൾക്കു മാത്രം വൈദ്യുതി നിരക്കിൽ പ്രത്യേക താരിഫ് ഏർപ്പെടുത്തിയതു പിൻവലിക്കണമെന്നും രാജു അപ്സര, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.സബിൽ രാജ് എന്നിവർ ആവശ്യപ്പെട്ടു. 1.50 ലക്ഷം പുതിയ സംരംഭങ്ങൾ തുടങ്ങിയെന്ന സർക്കാർ പ്രഖ്യാപനം പച്ചക്കള്ളമാണെന്നും ഹോട്ടൽ ജീവനക്കാരെ ടൈഫോയ്ഡ് പ്രതിരോധ കുത്തിവയ്പിനു നിർബന്ധിക്കുന്നതിന്റെ പിന്നിൽ കോടികളുടെ കൈക്കൂലിയാണ് ലക്ഷ്യമെന്നും ഇവർ ആരോപിച്ചു.