കേരളത്തില്‍ വ്യാപാരികളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കിയ നേതാവാണ് ടി നസിറുദ്ദീന്‍. സംസ്ഥാനത്തെ വ്യാപാരികളുടെ കരുത്തുറ്റ സംഘടനയാക്കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയെ മാറ്റിയെടുക്കുന്നതില്‍ അദേഹത്തോളം സേവനം അനുഷ്ടിച്ച മറ്റൊരു വ്യക്തിത്വവുമില്ല. കേരളത്തിലെ വ്യാപാരി സമൂഹം നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതില്‍ അദേഹം കാണിച്ച ധീരത നിരവധി പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് ഏകോപന സമിതി സാധ്യമാക്കി. എല്ലാവരെയും ഒരുമയോടെ കൊണ്ടുപോകുന്നതിലും സംഘടനയെ വളര്‍ച്ചയിലേക്ക് നയിക്കുന്നതിനും അദേഹത്തിന്റെ നേതൃപാടവം എടുത്ത് പറയേണ്ട സവിശേഷതയാണ്. നസീറുദ്ധീന്റെ വിയോഗം സംഘടനക്ക് കനത്ത നഷ്ടമാണ് വരുത്തിയത്.
1991 മുതല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ്. ഭാരത് വ്യാപാരസമിതി അംഗം, വാറ്റ് ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി മെമ്പര്‍, വ്യാപാരി ക്ഷേമ നിധി വൈസ് ചെയര്‍മാന്‍, കേരള മര്‍ക്കന്റയില്‍ ബാങ്ക് ചെയര്‍മാന്‍, ഷോപ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമ നിധി ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1944 ഡിസംബര്‍ 25 ന് കോഴിക്കോട് കൂടാരപ്പുരയില്‍ ടി കെ മുഹമ്മദിന്റെയും അസ്മാബിയുടെയും ആറാമത്തെ മകനായി ജനിച്ചു. ഹിദായത്തുല്‍ ഇസ്ലാം എല്‍പി സ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം കഴിഞ്ഞ് വ്യാപാരമേഖലയിലേക്ക് കടന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്‌സ് ഉടമയായിരുന്നു. 1980 ല്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറിയായാണ് സംഘടനപ്രവര്‍ത്തനത്തിനു തുടക്കം. 1984 ല്‍ വ്യവസായി ഏകോപന സമിതിയുടെ ജില്ല പ്രസിഡന്റ് ആയി. 1985 ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.
ഭാര്യ: ജുവൈരിയ (ഏകോപന സമിതി വനിതാ വിങ് സ്ഥാപക പ്രസിഡന്റ്). മക്കള്‍: മന്‍സൂര്‍, എന്‍മോസ്, അഷ്‌റ, അയ്‌ന. മരുമക്കള്‍: ആസിഫ്, നിസാമുദ്ധീന്‍, ലവ്‌സീന, റോഷ്‌ന.