തിരുവനന്തപുരം
വ്യവസായവുമായി ബന്ധപ്പെട്ട 12 നിയമത്തിലെ 22 വകുപ്പും 13 ചട്ടത്തിലെ 23 വകുപ്പും ഭേദഗതി ചെയ്യാൻ ശുപാർശ. ഇതടക്കം സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ശുപാർശകൾ അടങ്ങിയ റിപ്പോർട്ട്‌ സർക്കാരിന്‌ സമർപ്പിച്ചു. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയാണ്‌ നിയമമന്ത്രി പി രാജീവിന്‌ റിപ്പോർട്ട്‌ കൈമാറിയത്‌.

നടപടികൾ ലഘൂകരിക്കാനും ശിക്ഷാ വ്യവസ്ഥകൾ പരിഷ്‌കരിക്കാനും ശുപാർശയുണ്ട്‌. പ്രധാന നിയമങ്ങളിൽ സമൂല മാറ്റം സമിതി ശുപാർശ ചെയ്തു. രജിസ്റ്ററുകളും റിട്ടേണുകളും ലഘൂകരിക്കാൻ നിയമം, നിലവിലെ സേവനാവകാശ നിയമത്തിനു പകരം നിയമം, വിവിധ നിയമങ്ങളെ ഏകീകരിക്കൽ എന്നിവയും നിർദേശിച്ചു. 38 സംസ്ഥാന നിയമം പരിശോധിച്ച് ക്രിമിനൽ നടപടിക്രമങ്ങൾ ലഘൂകരിക്കാനും ശുപാർശയുണ്ട്‌. സംരംഭകരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ്‌  ശുപാർശ.  19 പൊതു നിർദേശവും ഒമ്പത്‌ വകുപ്പുമായി ബന്ധപ്പെട്ട 27 നിർദേശവും റിപ്പോർട്ടിലുണ്ട്.

ആഗസ്‌തിൽ പ്രവർത്തനമാരംഭിച്ച സമിതി വ്യാപാര വ്യവസായ സംഘടനകൾ, സംരംഭകർ, പൊതുജനങ്ങൾ എന്നിവരിൽനിന്ന്‌ ലഭിച്ച അറുനൂറ്റമ്പതി-ലധികം നിർദേശവും പരാതിയും പരിശോധിച്ചു.

ഈസ് ഓഫ് ഡൂയിങ് ബിസിനസ് ലക്ഷ്യത്തിലേക്കുള്ള നിർണയകമായ ശുപാർശകളാണ് സമിതി നൽകിയതെന്നും അവ സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു. നിയമ സർവകലാശാല വൈസ് ചാൻസലർ ഡോ. കെ സി സണ്ണി അധ്യക്ഷനും നിയമപരിഷ്‌കരണ കമീഷൻ വൈസ് ചെയർമാൻ കെ ശശിധരൻനായർ, കേന്ദ്രസർക്കാർ മുൻ സെക്രട്ടറി ടി നന്ദകുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.