തിരുവനന്തപുരം∙ സ്വകാര്യ മേഖലയിൽ വ്യവസായ എസ്റ്റേറ്റുകൾക്ക് അനുമതി നൽകുമെന്ന ബജറ്റ് പ്രഖ്യാപനം യാഥാർഥ്യത്തിലേക്ക്. പദ്ധതിയിൽ പങ്കാളികളാകാൻ വ്യക്തികളിൽ നിന്ന് അപേക്ഷ ലഭിച്ചെങ്കിലും നടപ്പാക്കുന്നതിനു നിയമനിർമാണം ആവശ്യമാണ്. തൽക്കാലം ഓർഡിനൻസ് ഇറക്കി പദ്ധതി നടപ്പാക്കി പിന്നീടു നിയമസഭയിൽ ബിൽ പാസാക്കാനാണു വ്യവസായ വകുപ്പിന്റെ ആലോചന.

10 ഏക്കറിൽ കൂടുതൽ‌ ഭൂമിയുള്ളവരിൽ നിന്ന് അപേക്ഷ വാങ്ങി വ്യവസായ എസ്റ്റേറ്റുകൾക്ക് അനുമതി നൽ‌കാനാണു സർക്കാർ ആലോചിക്കുന്നത്. ഇതിനായി 2017 ൽ തന്നെ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി അപേക്ഷ ക്ഷണിച്ചിരുന്നു. താൽപര്യമുള്ളവർക്ക് ഇനിയും അപേക്ഷിക്കാൻ സർക്കാർ അവസരം നൽകും. അതിനുള്ള മാർഗനിർദേശങ്ങൾ വൈകാതെ വ്യവസായ വകുപ്പ് പുറത്തിറക്കും.

ഭൂപരിഷ്കരണ നിയമപ്രകാരം 15 ഏക്കർ ഭൂമിയാണ് ഒരാൾക്കു കൈവശം വയ്ക്കാവുന്നത്. തോട്ടങ്ങളാണെങ്കിൽ ഇൗ പരിധി ബാധകമല്ല. തോട്ടഭൂമിക്കു നൽകുന്ന ഈ ഇളവ് വ്യവസായ എസ്റ്റേറ്റുകൾക്കും നൽകും. വൈദ്യുതി, വെള്ളം, റോഡ് തുടങ്ങി എസ്റ്റേറ്റിൽ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കിക്കൊടുക്കും. വ്യവസായം സ്ഥാപിക്കുന്നയാളും ഭൂവുടമയും തമ്മിലാകും കരാർ.

ഒരു എസ്റ്റേറ്റിൽ ഒരേ സ്വഭാവമുള്ള വ്യവസായങ്ങൾ തുടങ്ങാൻ സർക്കാർ നിർദേശിക്കുമെങ്കിലും കർശനമാക്കില്ല. ഏകജാലക സംവിധാനത്തിലൂടെ വ്യവസായങ്ങൾക്കു വേണ്ട എല്ലാത്തരം അനുമതികളും സർക്കാർ വേഗത്തിലാക്കും.വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള സൗകര്യമൊരുക്കി 5 ഏക്കറാണു ലഭ്യമാക്കുന്നതെങ്കിൽ വ്യവസായ എസ്റ്റേറ്റ് എന്നതിനു പകരം അതിനു സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറി എന്ന പദവി നൽകും.