കേരളത്തിൽ വ്യവസായം തുടങ്ങാൻ ഇപ്പോൾ ചുവപ്പുനാടയുടെ കുരുക്കില്ല. നിക്ഷേപമുണ്ടോ; സാഹചര്യം ഒരുക്കാൻ സർക്കാർ റെഡി. കോവഡിന്റെ പ്രതിസന്ധി കാലത്തും പുതിയ പദ്ധതി ആരംഭിക്കാനും തൊഴിൽ സൃഷ്ടിക്കാനും കഴിഞ്ഞു. നിയമങ്ങളിൽ മാറ്റംവരുത്തിയും നടപടി ലളിതമാക്കിയും അനുകൂല സാഹചര്യം സൃഷ്ടിച്ചു. പൊതുമേഖലാ വ്യവസായങ്ങൾ മികവുനേടി. സ്വകാര്യമേഖലയെ തള്ളാതെയും പരമ്പരാഗതമേഖലയെ സംരക്ഷിച്ചും വ്യവസായക്കുതിപ്പിലാണ്‌ സംസ്ഥാനം

10 കോടിവരെയുള്ള സംരംഭത്തിന്‌ മുമ്പേ അനുമതി വേണ്ട
വ്യവസായനിക്ഷേപം എളുപ്പമാക്കാൻ ഏഴു നിയമവും 10 ചട്ടവും ഭേദഗതി ചെയ്‌തു. ലൈസൻസും അനുമതിയും വേഗത്തിലാക്കാൻ ‘കെ സ്വിഫ്റ്റ്’ ഓൺലൈൻ ക്ലിയറൻസ് സംവിധാനമേർപ്പെടുത്തി. 30 ദിവസത്തിനകം അപേക്ഷകളിൽ തീരുമാനമില്ലെങ്കിൽ  അനുമതി ലഭിച്ചതായി കണക്കാക്കാം. മുൻകൂർ അനുമതിയില്ലാതെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായം തുടങ്ങാനും നിയമം കൊണ്ടുവന്നു.   100 കോടിവരെ മുതൽമുടക്കുള്ളവയ്ക്ക് ഒരാഴ്ചയ്ക്കകം അനുമതി നൽകാനും ഭേദഗതി വരുത്തി.  നിക്ഷേപം സുഗമമാക്കൽ ബ്യൂറോ നിലവിൽ വന്നു. നാലര വർഷത്തിനിടെ സംസ്ഥാനത്ത് 61,282 എംഎസ്എംഇ യൂണിറ്റുകൾ തുടങ്ങി. 5690.27 കോടി നിക്ഷേപവും 2,14,585 തൊഴിലും സൃഷ്ടിച്ചു.

ഭദ്രതാ പാക്കേജും പോർട്ടലും
കോവിഡിലും അടച്ചുപൂട്ടലിലും പ്രതിസന്ധിയിലായ എംഎസ്എം സംരംഭങ്ങൾക്ക് ആശ്വാസമായി വ്യവസായ ഭദ്രതാ പാക്കേജ് പ്രഖ്യാപിച്ച്,  സുതാര്യ നടത്തിപ്പിന് വ്യവസായഭദ്രതാ പോർട്ടലും ആരംഭിച്ചു. വ്യവസായ ലൈസൻസുകളുടെ കാലാവധി അഞ്ചുവർഷമാക്കി. ജില്ലാ വ്യവസായകേന്ദ്രം വഴിയെടുത്ത വായ്പയുടെ മാർജിൻ മണി കുടിശ്ശികയുടെ പിഴപ്പലിശ ഒഴിവാക്കി. പലിശയിൽ 50 ശതമാനം ഇളവും അനുവദിച്ചു. അംഗീകൃത വ്യവസായ പാർക്കുകളിൽ 2017 മാർച്ച് 31നുശേഷം ചേർന്നവരുടെ ഇഎസ്ഐ, പിഎഫ്  തൊഴിലുടമാ വിഹിതത്തിന്റെ 75 ശതമാനം മൂന്നുവർഷത്തേക്ക്‌ സർക്കാർ നൽകും.