തിരുവനന്തപുരം: സ്വകാര്യ മേഖലയിൽ വ്യവസായ എസ്റ്റേറ്റുകൾക്ക് അനുമതി നൽകുന്നത് സർക്കാർ പരിഗണിക്കുന്നു. പത്ത് ഏക്കറിൽ കൂടുതലുള്ള സ്ഥലത്ത് എസ്റ്റേറ്റ് സ്ഥാപിക്കുന്നതിനായിരിക്കും അനുമതി നൽകുക. നടപടിക്രമങ്ങൾ ഉൾക്കൊള്ളുന്ന രേഖയുടെ കരടിന് വ്യവസായവകുപ്പ് രൂപംനൽകി. താമസിയാതെ മന്ത്രിസഭയുടെ അനുമതിക്ക് സമർപ്പിക്കും. ഭൂപരിഷ്കരണ നിയമപ്രകാരം തോട്ടങ്ങളൊഴികെയുള്ള സ്ഥലം 15 ഏക്കറേ ഒരാളുടെ കൈവശം വെക്കാനാകൂ. തോട്ടഭൂമിക്ക് നൽകുന്ന ഇളവ് 15 ഏക്കറിൽ കൂടുതലുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന വ്യവസായ എസ്റ്റേറ്റിന് നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇടതുമുന്നണിയുടെ നയത്തിൽ ഇത് വലിയ മാറ്റങ്ങൾക്കാകും വഴി തെളിയിക്കുക. നിലവിൽ സ്വകാര്യമേഖലയിൽ വ്യവസായ എസ്റ്റേറ്റുകൾ തുടങ്ങാനായി 14 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. 25 ഏക്കറിലധികം ഭൂമിയിൽ വ്യവസായ എസ്റ്റേറ്റ് നിർദേശിക്കുന്ന അപേക്ഷകളും സർക്കാരിന്റെ കൈവശമുണ്ട്. ഇതിൽ നടപടിയെടുത്ത് മുന്നോട്ടു പോകണമെങ്കിൽ നയപരമായ തീരുമാനം അനിവാര്യമാണ്.

കരാർ എസ്റ്റേറ്റ് ഉടമയും സംരംഭകനും നേരിട്ട് സ്വകാര്യ വ്യവസായ എസ്റ്റേറ്റിൽ സ്ഥലം നൽകുന്നതും അതുസംബന്ധിച്ച് കരാറുകളും എസ്റ്റേറ്റ് ഉടമയും സംരംഭകനും നേരിട്ടായിരിക്കും. അതിൽ സർക്കാരിന് പങ്കാളിത്തമുണ്ടാകില്ല. എന്നാൽ, എസ്റ്റേറ്റിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കും. സമാന വ്യവസായങ്ങൾ ഒരേകേന്ദ്രത്തിൽ തുടങ്ങാൻ പ്രേരിപ്പിക്കും. അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും മറ്റും സർക്കാർ സഹായിക്കും. സർക്കാർ വ്യവസായ പാർക്കുകൾക്കുള്ള പരിരക്ഷയുമൊരുക്കും. സംരംഭങ്ങൾക്കുള്ള ലൈസൻസും അനുമതിയും മറ്റും ലഭ്യമാകുന്നതിനുള്ള നടപടികളും വേഗത്തിലാക്കും.

സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറി’

വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള സൗകര്യമൊരുക്കി അഞ്ച് ഏക്കറാണ് ലഭ്യമാക്കുന്നതെങ്കിൽ അതിന് ‘സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറി’ എന്ന പദവി നൽകും. വ്യവസായം തുടങ്ങാൻ കൂടുതൽ സംരംഭകർ മുന്നോട്ടുവരുന്നതിന്റെ ഭാഗമായാണ് സ്വകാര്യ വ്യവസായ എസ്റ്റേറ്റിന് അനുമതിനൽകുന്നത് പരിഗണിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻതന്നെ ഒട്ടേറെ എസ്റ്റേറ്റുകൾ സ്ഥാപിക്കാൻ തയ്യാറാണെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.