1. ചെറുകിട വ്യവസായികള്‍ക്കുള്ള കമ്പോള വികസന പദ്ധതി

അന്താരാഷ്ട്ര വിപണിയില്‍ ചെറുകിട വ്യവസായികള്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനായി കേന്ദ്ര ധനകാര്യ മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം ചെറുകിട വ്യവസായികള്‍ക്ക് ഒന്നിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കും. അന്താരാഷ്ട്ര വിപണനമേളകളില്‍ പങ്കെടുക്കുവാനും സ്റ്റാളൊരുക്കുവാനും വിദേശങ്ങളിലേക്ക് പഠന ബിസിനസ് യാത്രകള്‍ നടത്തുവാനും വിദേശ വ്യവസായ പ്രതിനിധികളെ സ്വീകരിക്കുവാനും വ്യവസായ സംബന്ധമായ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങുവാനും ഈ പദ്ധതി ധനസഹായം വാഗ്ദാനം ചെയ്യുന്നു.

2. വ്യക്തിഗത സഹായം

അംഗീകൃത (രജിസ്റ്റര്‍ ചെയ്ത) ചെറുകിട വ്യവസായിക്ക് അനുവദനീയമായ ദൂരപരിധിക്കുള്ളില്‍ വിമാന യാത്രാക്കൂലി ഈ പദ്ധതി പ്രകാരം നല്‍കിവരുന്നു. ഈ ആനുകൂല്യം ലഭിക്കേണ്ടവര്‍ ഡി.സി (എസ്.എസ്.ഐ) ഓഫീസ് മുഖേന എഫ്.ഐ.ഇ.ഒ./ഇ.പി.സി.എസ്./എസ്.എസ്.ഐ. എന്നീ അസോസിയേഷനുകളെ സമീപിക്കണം. ചില നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് ഈ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത്. അപേക്ഷകള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള എസ്.എസ്.ഐ.-എം.ഡി.എ. കമ്മിറ്റിയാണ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

3. മേഖലാ കേന്ദ്രീകൃത കമ്പോളം പഠനം

കൃത്യമായ വിപണി കണ്ടെത്താന്‍ നടത്തുന്ന കമ്പോള പഠനത്തിന് ഈ പദ്ധതി പ്രകാരം ധനസഹായം ലഭിക്കും. ചെറുകിട വ്യവസായ പദ്ധതികള്‍ക്കാണ് ഇവിടെ ഊന്നല്‍ കൊടുക്കുന്നത്. പരമാവധി രണ്ടുലക്ഷം രൂപവരെയാണ് പഠനത്തിനായി ഈ പദ്ധതിയില്‍ നിന്നും അനുവദിക്കുക.

4. ബാര്‍കോഡിംഗ്-ഇ-കൊമേഴ്സ് സംവിധാനത്തിനുള്ള ധനസഹായം

ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ പുത്തന്‍ പര്യായമായ ബാര്‍കോഡിംഗ്-ഇ-കൊമേഴ്സ് സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനായി, ചെറുകിട വ്യവസായങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്‍റ് ധനസഹായം നല്‍കിവരുന്നു. ഈ പദ്ധതി കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് നടക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ സ്കീമുകള്‍ (കെ.ബി.ഐ.പി)

ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേരള സര്‍ക്കാരും സര്‍ക്കാരിനു കീഴിലുള്ള ഏജന്‍സികളും വിവിധ സ്വയംതൊഴില്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളുമാണ് സ്വന്തമായി തൊഴില്‍ തുടങ്ങാനുള്ള വായ്പകളും പരിശീലനവും നല്‍കുന്നത്.