1. മൂലധന സബ്സിഡി.

എസ്.എസ്.ഐ., ലാര്‍ജ് ആന്‍ഡ് മീഡിയം, ടൈനി എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന നെഗറ്റീവ് ലിസ്റ്റില്‍ പെടാത്ത എല്ലാ പുതിയ വ്യവസായ സംരംഭങ്ങള്‍ക്കും മൂലധന നിക്ഷേപത്തിന്‍റെ 15 ശതമാനം സബ്സിഡി നല്‍കുന്ന പദ്ധതിയാണിത്. സാധാരണ യൂണിറ്റുകള്‍ക്ക് 15 ലക്ഷംരൂപ വരെയും ഇടുക്കിയിലും വയനാട്ടിലും ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഗ്രോത്ത് സെന്‍ററുകള്‍, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് തുടങ്ങിയവയില്‍ സ്ഥാപിക്കുന്ന യൂണിറ്റുകള്‍ക്ക് 25 ലക്ഷം രൂപവരെയും ഈ പദ്ധതിപ്രകാരം സബ്സിഡി ലഭിക്കും. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, റബ്ബര്‍ വ്യവസായങ്ങള്‍, ഫുഡ് പ്രോസസിംഗ് അടക്കമുള്ള കൃഷി അധിഷ്ഠിത വ്യവസായങ്ങള്‍, ആയുര്‍വേദ മരുന്നുകള്‍ തുടങ്ങിയ ത്രെസ്റ്റ് സെക്ടറില്‍പ്പെടുന്ന യൂണിറ്റുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ത്രെസ്റ്റ് സെക്ടറില്‍പ്പെടാത്തവര്‍ക്ക് അഞ്ച് ലക്ഷംരൂപവരെ പ്രത്യേക സബ്സിഡി ലഭിക്കും. അപേക്ഷകള്‍ ജില്ലാവ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്കും, കെ.എഫ്.സി.യില്‍ നിന്നും കെ.എസ്.ഐ.ഡി.സി.യില്‍ നിന്നും വായ്പയെടുത്തവര്‍ അതാത് സ്ഥാപനങ്ങളിലുമാണ് നല്‍കേണ്ടത്.

2. മാര്‍ജിന്‍ മണിവായ്പാ പദ്ധതി

ധനകാര്യ സാഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് ചെറുകിട വ്യവസായം ആരംഭിക്കുന്നവര്‍ക്ക് അവര്‍ മുടക്കേണ്ട തുകയുടെ (മാര്‍ജിന്‍) ഒരു ഭാഗം കുറഞ്ഞ പലിശനിരക്കില്‍ വായ്പയായി നല്‍കുന്ന പദ്ധതിയാണിത്. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചവ ഒഴികെയുള്ള എല്ലാ ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്കും ഈ വായ്പ ലഭിക്കും. ധനകാര്യ സ്ഥാപനത്തിന്‍റെ ശുപാര്‍ശയോടുകൂടിയ പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്കാണ് നല്‍കേണ്ടത്.

3. പ്രവാസികളായ കേരളീയര്‍ സ്ഥാപിക്കുന്ന ചെറുകിട വ്യവസായ സംരംഭത്തിനുള്ള മാര്‍ജിന്‍ മണി വായ്പ

സാങ്കേതിക വിദ്യാഭ്യാസം ലഭിച്ച പ്രവാസികളായ കേരളീയര്‍ ആരംഭിക്കുന്ന ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്കുള്ള വായ്പാ പദ്ധതിയാണിത്. വായ്പയെടുത്ത് വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുവേണ്ടി സ്വയം മുടക്കേണ്ട തുകയുടെ ഒരു ഭാഗം കുറഞ്ഞ പലിശ നിരക്കില്‍ ഈ പദ്ധതി പ്രകാരം വായ്പയായി നല്‍കുന്നു. വായ്പയെടുക്കുന്ന ബാങ്കുകളിലാണ് അപേക്ഷകള്‍ നല്‍കേണ്ടത്.

4. പ്രൈംമിനിസ്റ്റേഴ്സ് റോസ്ഗാര്‍ യോജന (പി.എം.ആര്‍.വൈ.) പദ്ധതി

18നും 35നും മദ്ധ്യേ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത യുവതീയുവാക്കള്‍ക്ക് സ്വയംതൊഴില്‍ നല്‍കാനുള്ള പദ്ധതിയാണിത്. വ്യവസായം, കച്ചവടം എന്നിവ ഉള്‍പ്പടെ സാമ്പത്തിക മേന്‍മ നല്‍കുന്ന ഏതു പദ്ധതിക്കും ഒന്നു മുതല്‍ 10 ലക്ഷംരൂപവരെ വായ്പയായി ഈ പദ്ധതിയിലൂടെ നല്‍കുന്നു.വായ്പ തിരിച്ചടയ്ക്കാന്‍ മൂന്ന് മുതല്‍ ഏഴ് വര്‍ഷംവരെ സമയം അനുവദിക്കും.

5. വാണിജ്യ ബാങ്കുകളുടെ വായ്പാപദ്ധതി

കെട്ടിടം, പ്ലാന്‍റ്, മെഷീനുകള്‍ എന്നിവ വാങ്ങുന്നതിനായി ചെറുകിട വ്യവസായ മേഖലക്ക് ബാങ്കുകള്‍ നല്‍കുന്ന ദീര്‍ഘകാലവായ്പാ പദ്ധതിയാണിത്. വ്യവസായ സ്ഥാപനങ്ങളുടെ നിത്യേനയുള്ള പ്രവര്‍ത്തനത്തിനായി പ്രവര്‍ത്തന മൂലധന വായ്പയും അനുവദിക്കാറുണ്ട്. വായ്പക്കായുള്ള അപേക്ഷകള്‍ തുക എടുക്കാന്‍ ഉദ്ദേശിക്കുന്ന ബാങ്കുകളില്‍ സമര്‍പ്പിക്കണം.

ചെറുകിട വ്യവസായ വികസന ബാങ്ക് പദ്ധതികള്‍.

1. ക്രെഡിറ്റ് ഗ്യാരന്‍റി ഫണ്ട് സ്കീം ഫോര്‍ സ്മോള്‍ ഇന്‍ഡസ്ട്രീസ്

വസ്തുജാമ്യമില്ലാതെ വിവിധ ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം 25 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് യാതൊരുവിധ ജാമ്യവും ആവശ്യമില്ല. എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളും റീജിയണല്‍ റൂറല്‍ ബാങ്കുകളും ഭാരതസര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ള മറ്റു സ്ഥാപനങ്ങളും ഈ പദ്ധതി നടത്തിപ്പില്‍ അംഗങ്ങളായ ധനകാര്യ സ്ഥാപനങ്ങളാണ്. സര്‍ക്കാര്‍ അംഗീകരിച്ച ഈ സ്ഥാപനങ്ങളിലാണ് വായ്പയെടുക്കാനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

2. ടെക്നോളജി ഡവലപ്പ്മെന്‍റ് ആന്‍ഡ് മോഡേണൈസേഷന്‍

ചെറുകിട വ്യവസായസ്ഥാപനങ്ങളില്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിച്ച് ഉല്‍പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ നിശ്ചിത തുക ഈ പദ്ധതിപ്രകാരം അനുവദിക്കും. ചില നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും വായ്പ അനുവദിക്കുന്നത്. പദ്ധതിചിലവിന്‍റെ 20 ശതമാനം സംരംഭകന്‍റെ മുടക്കുമുതലായിരിക്കണം. വായ്പകള്‍ക്കായിട്ടുള്ള അപേക്ഷകള്‍ സിഡ്ബിയുടെ ശാഖകളിലോ റീജിയണല്‍ ഓഫീസിലോ ആണ് സമര്‍പ്പിക്കേണ്ടത്.

3. നാഷണല്‍ ഇക്വിറ്റി ഫണ്ട്

ചെറുകിട മൊത്തമേഖലയില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇക്വിറ്റി മാതൃകയിലുള്ള വായ്പ നല്‍കുന്ന പദ്ധതിയാണിത്. പദ്ധതി ചിലവിന്‍റെ 25 ശതമാനം വരെ വായ്പയായി ലഭിക്കും. സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, ബാങ്കുകള്‍ എന്നിവ വഴി വായ്പയ്ക്ക് അപേക്ഷിക്കാം. ധനകാര്യ സ്ഥാപനത്തില്‍ പദ്ധതിരൂപരേഖ സമര്‍പ്പിക്കുമ്പോള്‍ ധനസമാഹരണ രീതിയില്‍ ഈ വായ്പാതുക പ്രത്യേകം കാണിച്ചിരിക്കണം.

4. ഡെവലപ്പ്മെന്‍റ് കമ്മീഷണര്‍-സ്മോള്‍ സ്കെയില്‍ ഇന്‍ഡസ്ട്രീസ് പദ്ധതി

ചെറുകിട വ്യാവസായിക ഉല്‍പന്നങ്ങളുടെ ഗുണനിലവാരം, ഉല്‍പാദനം എന്നിവ മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിച്ച് കാര്യക്ഷമമാക്കുന്നതിനായി വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. തിരഞ്ഞെടുത്ത ചെറുകിട വ്യവസായ സംരംഭങ്ങളിലെ ഉല്‍പന്നങ്ങളാണ് ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നത്. പദ്ധതിപ്രകാരം 12 ശതമാനം മൂലധന നിക്ഷേപ സബ്സിഡി ലഭിക്കും.ദേശീയ ചെറുകിട വ്യവസായ കോര്‍പ്പറേഷനിലോ അര്‍ഹതയുള്ള വാണിജ്യ ബാങ്കുകളിലോ അപേക്ഷകള്‍ നല്‍കാം.

5. ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍ പദ്ധതി

ഖാദിഗ്രാമ വ്യവസായ കമ്മീഷന്‍ അംഗീകരിച്ച വ്യവസായങ്ങള്‍ക്ക് മാര്‍ജിന്‍ മണി ഗ്രാന്‍റ് നല്‍കി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ മൂലധനനിക്ഷേപത്തിന്‍റെ ഓരോ 50,000 രൂപയ്ക്കും കുറഞ്ഞത് ഒരു തൊഴിലവസരമെങ്കിലും നല്‍കാന്‍ സംരംഭകര്‍ തയ്യാറായിരിക്കുകയും വേണം. പദ്ധതി റിപ്പോര്‍ട്ടും നിര്‍ദ്ദിഷ്ട ബയോഡേറ്റയും സഹിതം ഖാദി കമ്മീഷന്‍റെ സംസ്ഥാന ഓഫീസിലോ തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന ഖാദി കമ്മിഷന്‍റെ സബ്-ഓഫീസിലോ അപേക്ഷകള്‍ സമര്‍പ്പിക്കാം.

6. നബാര്‍ഡ് പദ്ധതി

ഗ്രാമീണ ചെറുകിട കുടില്‍ വ്യവസായം, കൈത്തൊഴില്‍-ഉല്‍പാദന സ്വഭാവമുള്ള വ്യവസായങ്ങള്‍ എന്നിവയുടെ വികസനത്തിനും ഗുണമേന്‍മയ്ക്കും വേണ്ടി ആവിഷ്കരിച്ച വായ്പാ പദ്ധതിയാണിത്. കാര്‍ഷികേതര മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും പദ്ധതി ലക്ഷ്യമിടുന്നു. വാണിജ്യ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, പ്രൈമറി കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചര്‍ റൂറല്‍ ഡെവലപ്പ്മെന്‍റ് ബാങ്കുകള്‍, ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ എന്നിവിടങ്ങളിലാണ് വായ്പകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കേണ്ടത്.

7. സാങ്കേതികവിദ്യ വികസന ധനസഹായ പദ്ധതി

ചെറുകിട വ്യവസായങ്ങള്‍ക്ക് ഉല്‍പാദനം കൂട്ടുവാനും നിര്‍മ്മിക്കുന്ന വസ്തുക്കളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുവാനും ആവശ്യമായ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനായി ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സില്‍ രജിസ്റ്റര്‍ ചെയ്ത ചെറുകിട വ്യവസായങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കുക. പുതിയതായി വിപണിയില്‍ കടന്നുവന്ന ചെറുകിട വ്യവസായങ്ങളില്‍, മോണിറ്ററിംഗ് ആന്‍ഡ് ടെക്നോളജി അപ്രൂവല്‍ ബോര്‍ഡിന്‍റെ നിയമമനുസരിച്ച് സാങ്കേതികവിദ്യ സ്വീകരിച്ചവര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭ്യമാകുകയുള്ളൂ. വിവിധ ദേശസാല്‍കൃത ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, കെ.എഫ്.സി., കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ മുഖേനയാണ് ഈ സഹായം ലഭിക്കുക. ഒന്‍പതുലക്ഷം മുതല്‍ 90 ലക്ഷം രൂപ വരെ വായ്പയായി ഈ പദ്ധതി പ്രകാരം ലഭിക്കും. കൂടാതെ വായ്പാ തുകയുടെ 12 ശതമാനം വരെ സബ്സിഡിയായി നല്‍കും. ഈ പദ്ധതിയുടെ മേല്‍നോട്ടം ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സിനാണ്.