സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മറ്റി (എസ്.എല്‍.ബി.സി)

സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മറ്റിയുടെ (എസ്.എല്‍.ബി.സി) റിപ്പോര്‍ട്ട് പ്രകാരം വിവിധ മേഖലകളിലായി 2017 മാര്‍ച്ച് വരെ കേരളത്തിന് അനുവദിച്ച വായ്പകളിലൂടെ പിരിഞ്ഞു കിട്ടാന്‍ ബാക്കി നില്‍ക്കുന്ന തുക 256,075 കോടി രൂപയാണ്. ഇത്, മുൻവര്‍ഷത്തെ 232,417 കോടി രൂപയേക്കാള്‍ 10.17 ശതമാനം അധികമാണ്. എം.എസ്.എം.ഇ മേഖലയില്‍ 2017 മാര്‍ച്ച് വരെ മാത്രം 39,408 കോടി രൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്. ഇത് മുന്‍ വര്‍ഷത്തെ 39,463 കോടി രൂപയേക്കാള്‍ 0.13 ശതമാനം കുറവാണ്. വിവിധ മേഖലകളിലെ വായ്പകളുടെ വിശദാംശങ്ങള്‍ അനുബന്ധം 3.1.26 -ല്‍ നല്കിയിരിക്കുന്നു.

സ്മാൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി)

സുരക്ഷിതമല്ലാത്ത വായ്പാ സൗകര്യം ലഭ്യമാക്കുന്ന പണമിടപാട് സ്ഥാപനങ്ങളുടെ പരിഷ്ക്കാരത്തിന് ഗവണ്മെന്റ് സിഡ്ബിയെ പ്രോത്സാഹിപ്പിക്കുന്നു. ഇതുവഴി ന്യായമായ പലിശ നിരക്കിന്റെയും ഇടപാട് ചരിത്രത്തിന്റെയും അടിസ്ഥാനത്തിൽ ഇടപാടുകാർക്ക് വായ്പാ സൗകര്യം ഉറപ്പുവരുത്തുന്നു. 2017 മാര്‍ച്ച് 31 ലെ കണക്കുകൾ അനുസരിച്ച് സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്ക്ക് വിവിധ ഉത്പന്നങ്ങളിലൂടെ മൊത്തത്തിൽ ലഭിച്ച ധനസഹായം 4.51 കോടി രൂപയാണ്. വിശദാംശങ്ങള്‍ അനുബന്ധം 3.1.27 -ല്‍ നൽകിയിരിക്കുന്നു.

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി)

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും മറ്റ് മേഖലകൾക്കും സാമ്പത്തിക സഹായം നൽകുന്നതിന് കേരള ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെ.എഫ്.സി) മറ്റൊരു ഉറവിടമാണ്. ഇക്കാലയളവിൽ കെ.എഫ്.സി ലക്ഷ്യമിടുന്നത് വീണ്ടെടുക്കൽ മേഖലയിൽ ഊന്നിയ സമ്പൂർണ വളർച്ചയാണ്. 2016-17 വർഷത്തിൽ വീണ്ടെടുത്ത ആകെ തുക 874.28 കോടിയും 2015-16-ൽ ഇത് 758.26 കോടി രൂപയും ആയിരുന്നു. 2016-17 -ൽ സാമ്പത്തിക സഹായമായി കെ എഫ് സി അനുവദിച്ചത് 385.31 കോടി രൂപയാണ്. 2015-16 -ൽ ഇത് 1,025.99 കോടി രൂപആയിരുന്നു. കോർപ്പറേഷന്റെ പ്രവർത്തന ലാഭം 7.87 കോടിരൂപയും അറ്റാദായം 5.69 കോടിരൂപയുമാണ് (അവലംബം: വാർഷിക റിപ്പോർട്ട് 2017, കെ എഫ് സി).

വ്യവസായിക ക്ലസ്റ്റര്‍ വികസനം

ചെറുകിട-ഇടത്തരം വ്യവസായ യൂണിറ്റുകളുടെ വികസനത്തിനും അഭിവൃദ്ധിക്കുമുള്ള ഫലപ്രദമായ മാര്‍ഗ്ഗം എന്ന നിലയില്‍ വ്യാവസായിക ക്ലസ്റ്റര്‍ വികസനം വളരെയധികം അംഗീകരിക്കപ്പെട്ടിരിക്കുന്നു. എം.എസ്.എം.ഇ പങ്കാളികളെ സംബന്ധിച്ചിടത്തോളം ഇന്‍ക്ലൂസീവ്നെസ്, സാങ്കേതിക വിദ്യയുടെ സ്വാംശീകരണം, ശേഷി മെച്ചപ്പെടുത്തല്‍ പൊതുവിഭവങ്ങളുടെ ലഭ്യത ഉറപ്പുവരുത്തല്‍ എന്നിവയില്‍ ക്ലസ്റ്ററുകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഉത്പാദനക്ഷമത, ശേഷി, മത്സരക്ഷമത എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ ഉപായമായാണ് ക്ലസ്റ്റര്‍ സമീപനത്തെ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകമന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്.

പരമ്പരാഗത രീതിയിലുള്ള പ്രവര്‍ത്തനങ്ങളെയും, വ്യാവസായിക ജില്ലകളെയും മത്സരത്തിന് അനുകൂലമാക്കുന്നതിനും, നൂതന ആശയങ്ങള്‍ കണ്ടെത്തുന്നതിനുള്ള നവീന ശൃംഖലകളായി രൂപാന്തരപ്പെടുത്തുന്നതിലൂടെ, കൂട്ടായ്മയുടെ (agglomeration) ലാഭം കൊയ്യുന്നതിനായി കേരള സര്‍ക്കാര്‍ വ്യവസായവത്ക്കരണത്തിന് ക്ലസ്റ്റര്‍ വികസന സമീപനം മുന്‍കൂട്ടി സ്വീകരിച്ചിട്ടുണ്ട്. എം.എസ്.എം.ഇ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് തൃശ്ശൂര്‍, കെ-ബിപ് എന്നിവയിലൂടെയാണ് സംസ്ഥാനം ക്ലസ്റ്റര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തടി, പ്ലൈവുഡ്, ഫര്‍ണിച്ചര്‍, റബ്ബര്‍, ടെക്സ്റ്റയിൽസ്, അരിമില്‍, പ്ലാസ്റ്റിക് പ്രിന്റേഴ്സ്, എത്നിക് ഫുഡ്, കാര്‍ഷിക ഉപകരണങ്ങള്‍, ജനറല്‍ എഞ്ചിനീയറിംഗ് എന്നീ മേഖലകളില്‍ പൊതുസൗകര്യ സേവന കേന്ദ്രങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയം 19 പൊതു സൗകര്യ സേവന കേന്ദ്രങ്ങളുടെ നിര്‍മ്മാണ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകി വരുന്നു. സംസ്ഥാന ഗവൺമെന്റും മറ്റ് പങ്കാളികളുമായി ചേർന്ന് തൃശ്ശൂരിലെ എസ്.എം.ഇ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് തലസ്ഥാനത്ത് ക്ലസ്റ്ററുകളുടെ പ്രോത്സാഹനത്തിനും വികസനത്തിനുമായി സജീവമായി ഇടപെട്ട് കൊണ്ടിരിക്കുകയാണ്. കൂടാതെ മൂവാറ്റുപുഴയിലെ പ്ലൈവുഡ് ക്ലസ്റ്ററിന്റെ നിർമാണത്തിന് തത്വത്തിലുള്ള അംഗീകാരം ഗവൺമെന്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ ഒകാല കാലടി ഓൾ കേരള സ്റ്റീൽ ഫർണിച്ചർ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എം.എസ്. ഇ-സി.ഡി.പി. സ്കീമിൽ പുതിയ ക്ലസ്റ്റർ കൺസോർഷ്യവും ആരംഭിച്ചിട്ടുണ്ട് (അവലംബം: വാർഷിക റിപ്പോർട്ട്, എം.എസ്.എം.ഇ വികസന ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശ്ശൂര്‍).