എങ്ങനെ ഒരു വ്യവസായം തുടങ്ങാം?
കേരളത്തിലെ കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയ മേഖലകളിലുള്ള ചെറുകിട വ്യവസായ സംരംഭങ്ങള്‍ ഇന്ന് ഒരു ദശലക്ഷത്തോളം പേര്‍ക്ക് ജോലി നല്‍കുന്ന ഒരു വലിയ വ്യവസായമായി വളര്‍ന്നു കഴിഞ്ഞു. നമ്മുടെ പരമ്പരാഗത കുടില്‍ വ്യവസായങ്ങള്‍ ഇതിനകം തന്നെ ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ചെറുകിട വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. അതുകൊണ്ടുതന്നെ ചെറുകിടവ്യവസായ പദ്ധതികള്‍ക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്.

വിപണിക്ക് അനുയോജ്യമായ ഒരു ചെറുകിട വ്യവസായ പദ്ധതി തിരഞ്ഞെടുക്കുകയാണ് സംരംഭകര്‍ ആദ്യം ചെയ്യേണ്ടത്. വിപണന സാധ്യതകളും ഉപഭോക്താക്കളുടെ ആവശ്യങ്ങളും നന്നായി മനസ്സിലാക്കിയ ശേഷമായിരിക്കണം പദ്ധതിയേതെന്ന് നിശ്ചയിക്കുന്നത്. വിപണിയിലെ ഏതുതരം ഉല്‍പന്നങ്ങളുമായാണ് മത്സരിക്കേണ്ടത് എന്നും ഇവിടെ പ്രധാനമാണ്. അവ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ സേവനം കുറഞ്ഞ ചിലവില്‍ ലഭ്യമാക്കുന്നതിലാണ് പദ്ധതിയുടെ വിജയം. അതേസമയം ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിക്കുന്ന വിപണന തന്ത്രങ്ങളും ആസൂത്രണം ചെയ്തിരിക്കണം. കയറ്റുമതി ലക്ഷ്യമാക്കിയുള്ള വ്യവസായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമുമ്പ് അവയ്ക്കുണ്ടായിരിക്കേണ്ട ഗുണനിലവാരത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടാക്കിയിരിക്കണം.

ഒരു ചെറുകിട വ്യവസായ പദ്ധതി ആരംഭിക്കുന്നതിനുമുമ്പ് പ്രധാനമായും നാലു കാര്യങ്ങളെപ്പറ്റി വിശദമായി പഠിച്ചിരിക്കണം.

1.  ഉല്‍പന്നത്തിന്‍റെ സ്വഭാവം,

2.  ഉല്‍പാദനത്തിന് ആവശ്യമായ സാങ്കേതികവിദ്യ,

3.  പദ്ധതി തുടങ്ങാനുദ്ദേശിക്കുന്ന സ്ഥലം,

4.  ധനാഗമ മാര്‍ഗ്ഗങ്ങള്‍.

കൂടുതല്‍ ഉല്‍പാദനശേഷിയുള്ള യന്ത്രസംവിധാനങ്ങള്‍ ചെറുകിട വ്യവസായ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് അത്യാവശ്യമാണ്. അതുപോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് സാങ്കേതിക വിദഗ്ദ്ധരെയും ജോലിക്കാരെയും തിരഞ്ഞെടുക്കുന്നതും. ജലം, വൈദ്യുതി തുടങ്ങിയ അനുബന്ധ സൗകര്യങ്ങളുടെ ലഭ്യതയും ഒരു ഘടകമാണ്. ഒരു ചെറുകിട വ്യവസായ സംരംഭം ആരംഭിക്കാന്‍ സ്വന്തം വീടും അതിന്‍റെ പരിസരവും തിരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം.

കാര്യക്ഷമതയുള്ള ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുക ഒരു ചെറുകിട വ്യവസായ സംരംഭത്തെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. ഇത്തരം വിലയേറിയ യന്ത്ര സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ വിഭാഗങ്ങളും, നാഷണല്‍ സ്മാള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ (എന്‍.എസ്.ഐ.സി.) തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും ദീര്‍ഘകാല വായ്പാ പദ്ധതികള്‍ നല്‍കി വരുന്നുണ്ട്. സിഡ്ബി, എസ്.ഐ.ഡി.ബി. (സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്മെന്‍റ് ബാങ്ക്) കെ.എസ്.ഐ.ഡി.സി., കെ.എഫ്.സി. തുടങ്ങിയ സ്ഥാപനങ്ങള്‍, കൊമേഴ്സ്യല്‍ സഹകരണ ബാങ്കുകള്‍ തുടങ്ങിയവയില്‍ നിന്നും ചെറുകിട പദ്ധതികള്‍ തുടങ്ങാനാവശ്യമായ സ്ഥലം വാങ്ങാനും കെട്ടിട നിര്‍മ്മാണം, മൂലധന നിക്ഷേപം തുടങ്ങിയ ആവശ്യങ്ങള്‍ക്കും വിവിധതരം ലോണുകളും മാര്‍ജിന്‍മണി വായ്പകളും ലഭിക്കും. ഇത്തരം ധനസഹായപദ്ധതികള്‍ കാലതാമസമില്ലാതെ ലഭ്യമാക്കുന്ന ഏകജാലക സംവിധാനവും സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയിട്ടുണ്ട്.

പദ്ധതി തുടങ്ങാനുദ്ദേശിക്കുന്ന കെട്ടിടത്തിന്‍റെ അകവും പുറവും സുരക്ഷിതമായി രൂപകല്പന ചെയ്തതായിരിക്കണം. ലോണിന് അപേക്ഷിക്കുമ്പോള്‍ ചിലവായ തുകയെപ്പറ്റി എഞ്ചിനീയര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. യന്ത്രങ്ങള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും വേണ്ട വൈദ്യുതിയുടെ അനുപാതത്തിനനുസരിച്ചാണ് വൈദ്യുതി ബോര്‍ഡില്‍ അപേക്ഷ നല്‍കേണ്ടത്. ലോ ടെന്‍ഷന്‍, ഹൈ ടെന്‍ഷന്‍ കണക്ഷന്‍ ലഭിക്കാന്‍ നിര്‍ദ്ദിഷട ഫോറത്തില്‍ അപേക്ഷിക്കണം.

ഒരു ചെറുകിട വ്യവസായ സംരംഭം രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് പദ്ധതിയെക്കുറിച്ചും ആവശ്യമായ സാങ്കേതിക വിദഗ്ദ്ധര്‍, തൊഴിലാളികള്‍, കെട്ടിടം, യന്ത്രോപകരണങ്ങള്‍, ജലം, വൈദ്യുതി, തുടങ്ങിയവയെക്കുറിച്ചും പ്രതിപാദിക്കുന്ന പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കണം. ഒരുകോടി രൂപയില്‍ കുറഞ്ഞചിലവു വരുന്ന വ്യവസായ സംരംഭങ്ങള്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഡയറക്ടര്‍ ഓഫ് ഇന്‍ഡസ്ട്രീസിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വിവിധ നികുതിയിളവുകള്‍, സബ്സിഡികള്‍, തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ രജിസ്ട്രേഷന്‍ അത്യാവശ്യമാണ്. പ്രൊവിഷണല്‍ രജിസ്ട്രേഷന്‍, പെര്‍മനന്‍റ് രജിസ്ട്രേഷന്‍ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായാണ് ഒരു ചെറുകിട വ്യവസായ സ്ഥാപനം രജിസ്റ്റര്‍ ചെയ്യേണ്ടത്. ബാങ്കുകളില്‍ നിന്നും ലോണുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും ധനസഹായവും ലഭിക്കാന്‍ പ്രൊവിഷണല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സ് ആവശ്യമില്ലാത്ത വ്യവസായ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദിഷ്ട മാതൃകയില്‍ പ്രൊവിഷണല്‍ ലൈസന്‍സിന് അപേക്ഷിക്കാം. വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദനം ആരംഭിക്കുന്നതിനു മുമ്പുതന്നെ ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പ്രൊവിഷണല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി അഞ്ച് വര്‍ഷമാണ്. ഇതിന്‍റെ കാലാവധി തീരുന്നതിനുമുമ്പ് പെര്‍മനന്‍റ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരിക്കണം. പവര്‍ താരിഫിലും നികുതിയിലും ലഭിക്കുന്ന ഇളവുകള്‍ പെര്‍മനന്‍റ് രജിസ്ട്രേഷന്‍ ലഭിച്ചതിനു ശേഷമേ കിട്ടുകയുള്ളൂ. ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ പെര്‍മനന്‍റ് രജിസ്ട്രേഷന്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ പുതുക്കിയിരിക്കണം. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും മറ്റു ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും രജിസ്ട്രേഷന്‍ സമയത്ത് ഹാജരാക്കിയിരിക്കണം. സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കാത്ത ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള അധികാരംബന്ധപ്പെട്ട വകുപ്പുകള്‍ക്കുണ്ട്.

ഉല്‍പാദനം ആരംഭിക്കുന്നതിനുമുമ്പ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സെയില്‍ ടാക്സ് തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നും അംഗീകാര സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയിരിക്കണം. സാധാരണയായി ചെറുകിട വ്യവസായങ്ങള്‍ തുടങ്ങാന്‍ ലൈസന്‍സ് ആവശ്യമില്ല. എന്നാല്‍ സെയില്‍സ് ടാക്സ്, എക്സൈസ്, ഇന്‍കം ടാക്സ്, പവര്‍ കണക്ഷന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണ്. ബന്ധപ്പെട്ട വിഭാഗങ്ങളില്‍ നിന്നും ക്വാളിറ്റി സര്‍ട്ടിഫിക്കറ്റും ലഭിച്ചിരിക്കണം.